
കോട്ടയം: അന്താരാഷ്ട്ര വിലയിൽ കുതിപ്പ് തുടരുമ്പോഴും രണ്ടാഴ്ചക്കിടെ റബർ ആഭ്യന്തര വിലയിൽ നാലുരൂപയുടെ കുറവ്. ആർ.എസ്.എസ്.എസ് ഫോർ വ്യാപാരി വില കിലോയ്ക്ക് 175 രൂപയായി താഴ്ന്നു. റബർബോർഡ് വില 183 രൂപ. അന്താരാഷ്ട്ര വില ബാങ്കോക്ക് ആർ.എസ്.എസ് ഫോർ 190 രൂപയായി ഉയർന്നിട്ടും ആഭ്യന്തര വില താഴ്ത്താനാണ് ടയർ ലോബിക്കു വേണ്ടി ഇടപെടൽ നടത്തുന്ന വ്യാപാരികളുടെ നീക്കം. തോരാമഴയ്ക്കു ശേഷം പകൽ കൂടിയ താപനിലയും പുലർച്ചെ തണുപ്പും ഉത്പാദനം കുറച്ചു. ഈ സാഹചര്യത്തിൽ വില ഉയരേണ്ടതാണെങ്കിലും വൻകിട വ്യാപാരികൾ വിപണിയിൽ നിന്നു വിട്ടു നിന്നു വില ഇടിക്കുകയാണെന്നാണ് കർഷകരുടെ പരാതി.
അന്താരാഷ്ട്ര വില കിലോക്ക്
ചൈന -194 രൂപ
ടോക്കിയോ -186രൂപ
തണുപ്പ് കാലമെത്തിയിട്ടും കുരുമുളക് വില ഉയരുന്നില്ല. ആവശ്യക്കാർ കുറഞ്ഞതോടെ കിലോയ്ക്ക് മൂന്നു രൂപയുടെ കുറവ് . ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിളവെടുപ്പ്. അതോടെ വില കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പ്രളയം കാരണം കുരുമുളക് വ്യാപകമായി നശിച്ചതോടെ ശ്രീലങ്കയിൽ നിന്നുള്ള കുരുമുളക് കയറ്റുമതി കുറയും. വിലയും സാന്ദ്രതയും കുറവുള്ള കുരുമുളക് വിദേശത്തു നിന്ന് ശ്രീലങ്ക വഴിയാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് കുറയുന്നത് ഭാവിയിൽ ഇന്ത്യക്ക് ഗുണകരമായേക്കും.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ശ്രീലങ്കയിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യാനുള്ള വ്യാപാരികളുടെയും സുഗന്ധ വ്യഞ്ജന കമ്പനികളുടെയും താത്പര്യവും കുറയും. കാലാവസ്ഥാ വ്യതിയാനം മൂലം കുരുമുളക് വള്ളികൾക്കുണ്ടായ രോഗം ഉത്പാദനം കുറയ്ക്കുമെന്ന ഭീതിയിലാണ് കർഷകർ. ഉത്പാദന കുറവ് വില ഉയർത്തിയേക്കും. മണ്ഡലകാല സീസൺ അവസാനിക്കാറായിട്ടും അയ്യപ്പഭക്തരിൽ നിന്ന് കാര്യമായ ഡിമാൻഡ് കുരുമുളകിന് ഉണ്ടാകാതിരുന്നതും വില്പനയെ ബാധിച്ചു.
കയറ്റുമതി നിരക്ക് (ഒരു ടണ്ണിന്)
ഇന്ത്യ - 8000 ഡോളർ
ഇന്തോനേഷ്യ- 7300 ഡോളർ
ശ്രീലങ്ക- 7000 ഡോളർ
വിയറ്റ് നാം -6800 ഡോളർ
ബ്രസീൽ - 6300 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |