
ആലപ്പുഴ: ജനാധിപത്യത്തിന്റെ ആഘോഷമായി നാടെങ്ങും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലേയുമുൾപ്പെടെ 1666 ജനപ്രതിനിധികൾ ജില്ലയിലെ വിവിധ തദ്ദേശ സഥാപനങ്ങളിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർമാർ മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. വിജയികൾ ആഹ്ളാദ പ്രകടനമായാണ് സത്യപ്രതിജ്ഞയ്ക്കായി തദ്ദേശ സ്ഥാപനങ്ങളിൽ എത്തിയത്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷപൂർവമായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകൾ. തുടർന്ന് കോൺഫറൻസ് ഹാളുകളിൽ ആദ്യയോഗം ചേർന്നശേഷമാണ് ജനപ്രതിനിധികൾ പിരിഞ്ഞത്.
26 ന് നഗരസഭകളിൽ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെയും 27ന് ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കും. ഇടതുപക്ഷ ജനപ്രതിനിധികൾ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപമുൾപ്പെടെ രക്തസാക്ഷികളെ അനുസ്മരിച്ചും പുഷ്പാർച്ചന നടത്തിയശേഷവുമാണ് സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തത്. യു.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകരും മുതിർന്ന നേതാക്കളുടെയും വോട്ടർമാരുടെയും അനുഗ്രഹാശിസുകളോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
ജില്ലാ പഞ്ചായത്തിലേക്ക് 24 ഡിവിഷനുകളിൽ നിന്ന് ജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിർന്ന അംഗമായ മനക്കോടം ഡിവിഷനിലെ ജയിംസ് ചിങ്കുതറയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് ജയിംസ് ചിങ്കുതറ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ പി.ആർ ജ്യോതിലക്ഷ്മി, രാജേഷ് വിവേകാനന്ദ, കെ. ജെ. ജിസ്മി, വിജയശ്രീ സുനിൽ, എസ്. രാധാകൃഷ്ണൻ, അഡ്വ.ഷീന സനൽകുമാർ, അഡ്വ.ആർ.രാഹുൽ,സി.വി രാജീവ്, മഞ്ജു വിജയകുമാർ, ജോൺ തോമസ്, ജി.കൃഷ്ണകുമാർ, അഡ്വ.നിതിൻ ചെറിയാൻ, ബിനി ജയിൻ, ടി.വിശ്വനാഥൻ, എ,മഹേന്ദ്രൻ, ബി.രാജലക്ഷ്മി, അംബുജാക്ഷി, ലിഷ അനുപ്രസാദ്, ബബിത ജയൻ, അഡ്വ.അനില രാജു , എ.ആർ കണ്ണൻ , അഡ്വ.ആർ. റിയാസ് , ജ്യോതിമോൾ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
എം.എൽ.എമാരായ പി.പി ചിത്തരഞ്ജൻ,അഡ്വ.യു.പ്രതിഭ, എ.ഡി.എം ആശാ സി.എബ്രഹാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.പ്രദീപ് കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ആർ.നാസർ, കെ.ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ്, മറ്റ് ഉദ്യോഗസ്ഥർ, കെ.എൽ.ഡി.സി ചെയർമാൻ പി.വി സത്യനേശൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |