
ആലപ്പുഴ: ക്രിസ്മസ്അടിച്ചുപൊളിക്കാൻ നാടാകെ കേക്ക് മേളകളുമായി കുടുംബശ്രീ. കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന വിവിധ ഇനം ഫ്ളേവറുകളിലുള്ള ഒരു ഡസനോളം കേക്കുകളാണ് ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് കേക്ക് പ്രേമികളെ കാത്തിരിക്കുന്നത്. കാരറ്റ്,ചോക്ലേറ്റ്, മാർബിൾ,കോഫി, പ്ലം, റെഡ് വെൽവറ്റ്, കോക്കനട്ട്,ചീസ് ഫ്രൂട്‌സ്,ബ്ലാക്ക് ഫോറസ്‌റ്റ് തുടങ്ങിയ കേക്കുകളാണ് ലഭ്യമാവുക. 250 രൂപ മുതൽ തൂക്കമനുസരിച്ചാണ് കേക്കുകളുടെ വില.
ജില്ലയിലെ ഓരോ സി.ഡി.എസിലും രണ്ട് വീതം കേക്ക് മേളകൾ വീതമാണ് കുടുംബശ്രീ സംഘടിപ്പിക്കുന്നത്. ജനുവരി 2 വരെ നടക്കുന്ന കേക്ക് വിപണന മേളയിൽ
ജില്ലയിലെ 188 ഓളം കുടുംബശ്രീ യൂണിറ്റുകൾ വിപണന മേളയുടെ ഭാഗമാകും.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 31 വരെ ജില്ലയിൽ രണ്ടിടത്ത് ക്രിസ്മസ് ചന്തകൾ നടത്തും. കായംകുളത്തും കണിച്ചുകുളങ്ങരയിലുമാണ് ജില്ലാതല ചന്തകൾ.
ഭക്ഷ്യമേളയും ചന്തകളോടനുബന്ധിച്ച് നടത്തും. സി.ഡി.എസുകൾ കേന്ദ്രീകരിച്ച് 25വരെ പ്രത്യേക ക്രിസ്മസ് വിപണിയും പ്രവർത്തിക്കും.
പോക്കറ്റ് മാർട്ട് ആപ്പ് റെഡി
ഓൺലൈൻ വഴി കേക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായി വിപണന മേളകൾക്ക് പുറമേ, കുടുംബശ്രീയുടെ പോക്കറ്റ്‌മാർട്ട് ആപ് വഴി ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും കേക്കുകൾ തയാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങളും കേക്കുകളുടെ ഫോട്ടോ സഹിതം ഇനവും വിലയും ഉൾപ്പെടുത്തി പ്രത്യേക കേക്ക് ഡയറക്ടറി തയ്യാറാക്കിയാണ് പോക്കറ്റ് മാർട്ട് ആപ്പ് വഴിയുള്ള വിൽപ്പന.
......................................
ഗുണനിലവാരമുള്ള മികച്ച ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീപ്രവർത്തകർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുക കൂടിയാണ് കേക്ക് വിപണന മേളകളുടെ ലക്ഷ്യം.
-കുടുംബശ്രീ ജില്ലാ ഓഫീസ്, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |