ഇരകളിൽ വിദ്യാർത്ഥികളും
കോഴിക്കോട്: ഓൺലെെൻ ട്രേഡിംഗ് തട്ടിപ്പിന് പുറമെ വാടക ബാങ്ക് അക്കൗണ്ട് (മ്യൂൾ അക്കൗണ്ട് ) തട്ടിപ്പ് കോഴിക്കോട്ട് വ്യാപകം. പോക്കറ്റ് മണിക്കായി വിദ്യാർത്ഥികളടക്കം വലയിൽ വീഴുന്നു. വിദ്യാർത്ഥികളുടെ എ.ടി.എം കാർഡ് വരെ തട്ടിപ്പ് സംഘം കെെക്കലാക്കി പണം പിൻവലിക്കുന്നുണ്ടെന്നാണ് വിവരം.
ഓൺലെെൻ ട്രേഡിംഗ്, മ്യൂൾ അക്കൗണ്ട് വഴി പണം തട്ടിയ പേരാമ്പ്ര കായണ്ണ സ്വദേശി ബാസിം നുജും (32) ഈയിടെ അറസ്റ്റിലായിരുന്നു. 76.35 ലക്ഷമാണ് ഇയാൾ തട്ടിയത്. യു ട്യൂബർ ബ്ലെസ്ലിയും ഈയിടെ ഓൺലെെൻ തട്ടിപ്പിന് പൊലീസ് പിടിയിലായിരുന്നു. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് കണ്ടെത്തൽ. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അക്കൗണ്ട് വാടകയ്ക്ക് നൽകുകയാണെങ്കിൽ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. സോഷ്യൽ മീഡിയയിൽ പാർട്ട് ടൈം, ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വലയിൽ പെടുന്നതായി പൊലീസ് പറയുന്നു. അക്കൗണ്ടുകളിലെത്തുന്ന പണം തട്ടിപ്പുകാർ നിർദ്ദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് വിദ്യാർത്ഥികൾ ട്രാൻസ്ഫർ ചെയ്യണം. ഇതിന് വലിയ കമ്മിഷനും നൽകുന്നു. ഒരു ലക്ഷം രൂപയാകുമ്പോൾ കമ്മിഷനെടുത്ത് ബാക്കി ട്രാൻസ്ഫർ ചെയ്താൽ മതി.
ലഹരിക്ക് അടിമപ്പെട്ട ധാരാളം വിദ്യാർത്ഥികളും മ്യൂൾ അക്കൗണ്ട് ഇടപാട് നടത്തുന്നുണ്ട്. ചിലർ ഭവിഷ്യത്തുകൾ അറിഞ്ഞുകൊണ്ടുതന്നെയാണ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. ലഹരി വാങ്ങാനുള്ള തുക കണ്ടെത്താനാണിത്. വിദ്യാർത്ഥികളിലും യുവാക്കളിലും പലരും ലഹരിക്കടത്തിന്റെ ഭാഗമാകുന്നതും എളുപ്പം പണം കണ്ടെത്താനാണ്. കുരുക്കിൽ പെടുന്നവർ പിന്നീട് രക്ഷപ്പെടാൻ ബുദ്ധിമുട്ടുന്നു.
സ്വന്തം അക്കൗണ്ട് വിവരം അപരിചിതർക്ക് നൽകരുത്.
ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം.
തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ 1930ൽ വിളിച്ചറിയിക്കണം.
വെബ്സൈറ്റിലും (www.cybercrime.gov.in) പരാതികൾ നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |