
ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ആവർത്തിക്കുന്നതിനിടെ ഇന്ത്യയിൽ ശക്തമായ പ്രതിഷേധം. ഹിന്ദു യുവാവിനെ മർദ്ദിച്ചുകൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡൽഹി, കൊൽക്കത്ത, മുംബയ്, അഗർത്തല, ഹൈദരാബാദ്, അഹമ്മദാബാദ്, ജമ്മു കാശ്‌മീർ എന്നിവിടങ്ങളിൽ ഇന്നലെ നൂറുകണക്കിനുപേർ തെരുവിലിറങ്ങി. ഡൽഹിയിലെ ബംഗ്ളാദേശ് ഹൈക്കമ്മിഷനുസമീപം വി.എച്ച്.പി, ബജ്‌രംഗ്‌ദൾ, മറ്റു ഹൈന്ദവ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. 'ബംഗ്ലാദേശിനെ ബഹിഷ്‌കരിക്കൂ" മുദ്രാവാക്യം മുഴക്കി. ബംഗ്ലാദേശ് ചീഫ് അഡ്വൈസർ മുഹമ്മദ് യൂനിസിന്റെ കോലം കത്തിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സമരക്കാർ ബാരിക്കേഡുകൾ തകർത്തു. ഇതോടെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ അറസ്റ്റ് ചെയ്‌തുനീക്കി. മേഖലയിൽ സുരക്ഷാ സന്നാഹം വർദ്ധിപ്പിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി, പശ്ചിമബംഗാളിലെ സിലിഗുരി, ത്രിപുര എന്നിവടങ്ങളിലെ വിസാ സെന്ററുകളുടെ പ്രവർത്തനം ബംഗ്ളാദേശ് നിറുത്തിവച്ചു. സ്ഥിതിഗതികൾ സൂക്ഷ്‌മമായി വിലയിരുത്തുകയാണ് കേന്ദ്രസർക്കാർ. ബംഗ്ലാദേശ് എംബസികൾക്കുനേരെയടക്കം പ്രതിഷേധം ശക്തമായി തുടരുകയാണ്. ബംഗ്ലാദേശിലെ മാദ്ധ്യമപ്രവർത്തകർക്കും മാദ്ധ്യമ സ്ഥാപനങ്ങൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു.
ഷെയ്ഖ് ഹസീന ഭരണകൂടത്തെ പുറത്താക്കിയ പ്രക്ഷോഭത്തിലെ നേതാവും ഇന്ത്യാ വിരുദ്ധനുമായ ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബംഗ്ലാദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെയാണ് 27കാരനായ ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസിനെ പ്രവാചകനിന്ദ ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന് കത്തിച്ചത്. പിന്നാലെ ബംഗ്ലാദേശിലെ ഇന്ത്യൻ വീസാ കാര്യാലയത്തിന്റെ പ്രവർത്തനം ഇന്ത്യ സസ്‌പെൻഡ് ചെയ്‌തിരുന്നു.
ബംഗ്ലാദേശ് സ്ഥാനപതിയെ വിളിച്ചുവരുത്തി
ഇന്ത്യയിലെ ബംഗ്ലാദേശ് സ്ഥാനപതി റിയാസ് ഹമിദുള്ളയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ആശങ്ക
അറിയിച്ചു. ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യം മോശമാകുന്നതിലാണ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടുതവണ ഇന്ത്യയും ബംഗ്ലാദേശും ഹൈക്കമ്മിഷണർമാരെ വിളിച്ചുവരുത്തിയത്. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് സമീപത്ത് ത്രിതല സുരക്ഷാ സന്നാഹം ഏർപ്പെടുത്തി.
ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വെർമയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്നലെ വിളിച്ചുവരുത്തിയിരുന്നു. പ്രതിഷേധങ്ങളെ അപലപിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി. പരസ്‌പര ബഹുമാനം, സമാധാനം, സഹിഷ്‌ണുത തുടങ്ങിയ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന കാര്യങ്ങളെന്ന് പ്രസ്‌താവനയുമിറക്കി. എംബസികളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഇന്ത്യ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ബന്ധത്തിൽ ഉലച്ചിൽ
ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്ര ബന്ധം കൂടുതൽ വഷളായി.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ത്യ അഭയം നൽകിയത് ചൊടിപ്പിച്ചിരുന്നു
അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിലും, അവരുടെ സുരക്ഷയിലും ഇന്ത്യ നിരന്തരം ആശങ്ക രേഖപ്പെടുത്താറുണ്ട്
കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിക്കണം
-ആർ.ജെ.ഡി
പ്രിയങ്കയെ പ്രധാനമന്ത്രിയാക്കൂ, ഇന്ദിരാ ഗാന്ധിയെ പോലെ കൈകാര്യം ചെയ്യും
ഇമ്രാൻ മസൂദ്
കോൺഗ്രസ് എം.പി
സിന്ദൂരമണിഞ്ഞുപോകുന്ന ഹിന്ദു സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ അപലപനീയം. അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ് കേൾക്കുന്നത്
മെഹബൂബ മുഫ്‌തി
പി.ഡി.പി അദ്ധ്യക്ഷ
പാകിസ്ഥാനായാലും ബംഗ്ലാദേശായാലും പ്രധാനമന്ത്രി നരേന്ദ്രമോദി നിശബ്‌ദനാവില്ല
സുനിൽ ശർമ്മ
ബി.ജെ.പി നേതാവ്
ദീപു ചന്ദ്ര ദാസിന്റെ കുടുംബം സമാധാനത്തോടെ ഇരിക്കണം, തനിക്ക് ജീവനുള്ളിടത്തോളം നീതി ഉറപ്പാക്കും.
-ഷെയ്ഖ് ഹസീന
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |