കോന്നി : അരുവാപ്പുലം ഐരവൺ പാലത്തിന്റെ നിർമ്മാണ പുരോഗതി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. 12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്. പാലത്തിന്റെ മുഴുവൻ തൂണുകളുടെയും രണ്ടു തൂണുകളെ ബന്ധിപ്പിച്ച് ഡക്ക് സ്ലാബുകളുടെയും പണികൾ പൂർത്തിയായി. അച്ചൻകോവിലാറ്റിലെ വെള്ളം കുറഞ്ഞ സാഹചര്യത്തിൽ നദിയിലുള്ള മൂന്നു തൂണുകളും പരസ്പരം ബന്ധിപ്പിക്കുന്ന ബീമുകളുടെയും സ്ലാബിന്റെയും നിർമ്മാണം തുടങ്ങും. അപ്രോച്ച് റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 12മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന്റെ സംരക്ഷണഭിത്തികളുടെ നിർമ്മാണവും മണ്ണ് നിക്ഷേപിച്ചുള്ള എർത്ത് വർക്കും പൂർത്തീകരിച്ചിട്ടുണ്ട്. പാലത്തിന് ആകെ 183.7മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. ഈ പാലത്തിന് നദിക്കു കുറുകെ മൂന്ന് സപാനുകളും ഇരുകരകളിലുമായി ആറ് ലാൻഡ് സപാനുകളുമാണുള്ളത്. ഇവയിൽ ഒരു ലാൻഡ് സപാൻ ഐരവൺ ഭാഗത്തും അഞ്ച് ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി.എം.ആൻഡ് ബി.സി.ഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അജിത്ത്, അസി.എൻജിനീയർ ഷീജ തോമസ്, കരാർ കമ്പനി എം.ഡി രാജീവ്,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ഷേമ ശേഖർ, അരുവാപ്പുലം ഗ്രാമപഞ്ചായത്തഗം ധനേഷ്, വർഗീസ് ബേബി ദീധു ബാലൻ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
..........................................................
നിർമ്മാണച്ചെലവ് 12.25 കോടി
പാലത്തിന് 183.7മീറ്റർ നീളം
1.5 മീറ്റർ വീതി
.........................................
സമയബന്ധിതമായി പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും കരാറുകാരനോടും നിർദ്ദേശം നൽകിയിട്ടുണ്ട്.
(അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |