
തിരുവനന്തപുരം:നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പത്തെ അവസാന മൂന്ന് മാസത്തിൽ കടമെടുക്കാൻ സമ്മതിക്കാതെ ഞെരുക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക ഉപരോധവും വെട്ടിനിരത്തലുമാണ് നടത്തുന്നത്.
അർഹതയുളള 12,516 കോടി രൂപയ്ക്ക് അപേക്ഷ നൽകിയതിൽ നിന്നും വെറും 5,636 കോടി രൂപയുടെ വായ്പയ്ക്ക് മാത്രമാണ് അനുമതി നൽകിയത്.ഇതുമൂലം റോഡും സ്കൂളും ആശുപത്രിയുമൊന്നും നിർമ്മിക്കാനാകാത്ത സ്ഥിതിയാണ്.ഇത് സാമ്പത്തിക ഉപരോധമല്ലെങ്കിൽ പിന്നെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശയനുസരിച്ച് കേരളത്തിന് വർഷത്തിൽ 44126കോടി വായ്പയെടുക്കാം.എന്നാൽ കേന്ദ്രം അത് വെട്ടി 39876 ആക്കി.തെറ്റായ രീതിയിൽ വ്യാഖ്യാനങ്ങൾ ചമച്ച് കേരളത്തിന്റെ മൊത്ത ആഭ്യന്തരഉത്പാദനം കുറച്ച് കാണിച്ചാണിത് ചെയ്തത്. അതിന് പുറമെ കിഫ്ബി/പെൻഷൻ കമ്പനി വായ്പകളുടെ പേരിൽ 4,711 കോടി വെട്ടി,സംസ്ഥാനത്തെ സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാൻ ഗ്യാരന്റി നൽകിയതിന്റെ പേരിൽ 3,323 കോടി വെട്ടി,എസ്.പി.വികളുടെ ഓഫ് ബഡ്ജറ്റ് വായ്പകളുടെ പേരിൽ 5,944 കോടി രൂപയും വെട്ടി,ദേശീയ പാതയ്ക്ക് സ്ഥലമെടുക്കാൻ നൽകിയ 5,580 കോടിയും വായ്പയിൽ വെട്ടി.ജി.എസ്.ഡി.പി.യിൽ കണക്ക് തിരുത്തി 4,250 കോടിയും വായ്പയിൽ കുറച്ചു.ഇതിനെല്ലാംപുറമെ, 2023-24 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1877.58 കോടിയുടെ അധിക വായ്പയും ഇക്കൊല്ലത്തെ വായ്പയിൽ വെട്ടികുറച്ചു.ഇങ്ങനെ വെട്ടിവെട്ടി സംസ്ഥാനത്തിന് വായ്പ കിട്ടാത്ത സ്ഥിതിയായിരിക്കുകയാണ്. കൂടാതെ കേന്ദ്ര ഗ്രാന്റ് ഇൻഎയ്ഡിൽ 15,309.60 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുകയാണ്.ഇതൊന്നും കേരളത്തിലെ പ്രധാനപ്രതിപക്ഷം പാർലമെന്റിൽ പോലും ചോദ്യം ചെയ്യുന്നില്ല.എന്ത് വന്നാലും ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച തുകയും ശമ്പളവും പെൻഷനും മുടക്കമില്ലാതെ കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് വിളിച്ചത്
ഗവർണർ: മുഖ്യമന്ത്രി
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് വിളിച്ചത് ഗവർണറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ദിവസം രാവിലെ രണ്ടുവട്ടം വിളിച്ചു. കുളിക്കുകയായിരുന്നതിനാൽ എടുക്കാനായില്ല. ഗവർണർ വിളിച്ചെന്ന് വീട്ടിൽ നിന്ന് പറഞ്ഞയുടൻ തിരിച്ചു വിളിച്ചു. വി.സി നിയമന വിഷയത്തിൽ സംസാരിക്കണമെന്ന് ഗവർണർ പറഞ്ഞു. ഇങ്ങനെയൊരു ആവശ്യമുന്നയിച്ചപ്പോൾ മുട്ടാപ്പോക്ക് പറയേണ്ട കാര്യമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷം കാണാമെന്ന് അറിയിച്ചു. കൂടിക്കാഴ്ചയിൽ സമവായ നിർദ്ദേശം ഗവർണറാണ് മുന്നോട്ടുവച്ചത്. സമവായത്തിന് സർക്കാരും തയ്യാറായി. കുറേക്കാലമായി അവിടെ സംഘർഷമാണ്. അത് തത്കാലം അവസാനിപ്പിച്ച് ശാന്തമായ അന്തരീക്ഷം വേണമെന്നാണ് താനും ആലോചിച്ചത്. അഡ്വക്കേറ്റ് ജനറലുമായും സുപ്രീംകോടതി അഭിഭാഷകൻ ജയ്ദീപ് ഗുപ്തയുമായും ആലോചിച്ചാണ് ഗവർണറുടെ സമവായത്തിന് സമ്മതമറിയിച്ചത്. ഈ നില തുടരണമെന്ന് പറഞ്ഞപ്പോൾ ഗവർണർ സ്വീകരിച്ചു. മെരിറ്റ് അടിസ്ഥാനത്തിൽ ഇനിയുള്ള നിയമനങ്ങൾ നടത്താമെന്നും അറിയിച്ചു- മുഖ്യമന്ത്രി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |