
കൊച്ചി: അപമാനഭാരം കൊണ്ട് കഴിഞ്ഞദിവസം സന്ദർശനം നടത്താതെ മടങ്ങിയ സ്‌നേഹക്കൂടിലെ അച്ഛനമ്മമാർ ഇന്നലെ തൃപ്പൂണിത്തുറ ഹിൽപാലസിലെ കാഴ്ചകൾ മനംനിറയെ കണ്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം മൂലം അകത്തുകയറാൻ കഴിയാതെയാണ് അന്ന് അവർ മടങ്ങിയതെങ്കിൽ, സർക്കാരിന്റെ ഔദ്യോഗിക അതിഥികളായാണ് സ്നേഹക്കൂടിലെ മുതിർന്ന പൗരന്മാർ ഇന്നലെ എത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്ന് ഇവർ അപമാനം നേരിട്ട കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഔദ്യോഗിക സ്വീകരണം ഒരുക്കിയത്. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
സ്‌നേഹക്കൂടിന്റെ ഡയറക്ടർ നിഷയ്ക്കൊപ്പമാണ് അന്തേവാസികൾ ഹിൽപാലസിലേക്ക് എത്തിയത്.
വയോജനങ്ങളെ ചേർത്തുപിടിക്കുന്നതാണ് സർക്കാരിന്റെ നയമെന്നും ഇനിയും ഇതുപോലെയുള്ള കൂടിക്കാഴ്ചകൾക്ക് അവസരം ഒരുക്കുമെന്നും മന്ത്രി കടന്നപ്പള്ളി അന്തേവാസികൾക്ക് വാക്കുകൊടുത്തു. ഒരു ഉദ്യോഗസ്ഥൻ കാണിച്ച കെടുകാര്യസ്ഥതയിൽ ആ വകുപ്പിലെ എല്ലാവരും അങ്ങനെ ആണെന്ന് കരുതരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഇത്തരം ഇടങ്ങളിൽ വയോജനങ്ങൾക്ക് പരിഗണന വേണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടെന്നും അതിന് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. അന്തേവാസികളായ തങ്കമ്മയ്ക്കും വർഗീസിനുമൊപ്പം മന്ത്രി കേക്ക് മുറിച്ച് മധുരം പങ്കിട്ടു. പാട്ടുപാടിയും ചിത്രമെടുത്തുമാണ് മന്ത്രി മടങ്ങിയത്. സമാപനച്ചടങ്ങിൽ സ്‌നേഹക്കൂടിലെ അന്തേവാസികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |