
പുതിയ ശബ്ദങ്ങളും പുതുമയാർന്ന രചനകളും മലയാള സാഹിത്യത്തെ ഊർജസ്വലമാക്കിയ വർഷമാണ് 2025. വിപണനവും സാഹിത്യമൂല്യവും തമ്മിലുള്ള അതിർത്തിരേഖ അവ്യക്തമാകുന്ന ഈ കാലത്തും യഥാർത്ഥ മികവുള്ള കൃതികൾ സ്വയം പ്രകാശിക്കുന്നു. 2025ലെ 10 ശ്രദ്ധേയ കൃതികളെക്കുറിച്ച് ഒരു അന്വേഷണം.
1-കമ്പിളിക്കണ്ടത്തെ കൽഭരണികൾ (ജീവിതം)
ബാബു അബ്രഹാം
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളിൽ വളർന്ന നിർദ്ധനനും നിരാലംബനുമായ ഒരു ബാലൻ ജീവിതപ്പടവുകൾ വേച്ചുവേച്ച് നടന്നു കയറിയ അനുഭവലോകം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖ. ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം എന്നു തന്നെ ഒറ്റ വാക്യത്തിൽ പറയാം. വലിയതോതിൽ വിറ്റഴിക്കപ്പെട്ടു.
2. നിലം (നോവൽ)
എസ്.മഹോദേവൻ തമ്പി
നമ്മുടെ നെൽ നിലങ്ങളുടെ പശ്ചാത്തലത്തിൽ മണ്ണിന്റേയും മനുഷ്യരുടേയും അറിയാക്കഥകൾ അനാവരണം ചെയ്യുന്ന അസാധാരണ നോവൽ. കഥാപരിസരങ്ങളും കരുത്തുറ്റ കഥാപാത്രങ്ങളും സൃഷ്ടിക്കുന്നത് വായനയുടെ വിസ്മയലോകം. ആവിഷ്‌കരണത്തിലെ പുതുമയും ഭാഷയുടെ സൗന്ദര്യവും ഈ കൃതിയുടെ സവിശേഷതയായി മാറുന്നു. സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ കൃതി.
3. മ്യൂസിയം (നോവൽ)
ഇ.സന്തോഷ് കുമാർ
സ്വത്വത്തിന്റെ വിച്ഛേദങ്ങൾ അതീന്ദ്രിയ കാഴ്ചയായി അനുഭവിപ്പിക്കുന്ന രചന. ഭാഷയുടെയും ആവിഷ്‌കാരത്തിന്റെയും ഹൃദയത്തിൽ തൊടുന്ന അനുഭവം പകരുന്ന രചന. മരണത്തിന്റെ ഗന്ധവും ഒടുങ്ങാത്ത ജീവന്റെ കാമനയും മനുഷ്യശരീരം എന്നതിലൂടെ ചിത്രീകരിക്കുന്നു. മനുഷ്യാവസ്ഥയുടെ ആവർ ത്തിത ചരിത്രം ഈ രചനയിൽ തെളിയുന്നു.
4. മുങ്ങാങ്കുഴി (കഥ)
ആഷ് അഷിത
പുതിയ കഥയിലെ ശക്തമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്‌കാരബോധത്തിൽ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ- പുരുഷ- മനുഷ്യവിനിമയങ്ങൾ, ശക്തമായ രാഷ്ട്രീയ ബോധം, തെളിഞ്ഞ, ദൃഢമായ എഴുത്ത്, വെടിപ്പുള്ള ഭാഷ എന്നിവ 'മുങ്ങാങ്കുഴി"യിലെ കഥകളെ മികച്ചതാക്കുന്നു.
5. വി.എസ് സമരം ചരിത്രം, ഇതിഹാസം
കെ.വി.സുധാകരൻ
കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയ വി.എസിന്റെ ജീവിത കഥയാണ്. വി.എസ് സമരം ചരിത്രം, ഇതിഹാസം.
തികച്ചും ദരിദ്രമായ ചുറ്റുപാടിൽ ജനിക്കുകയും ബാല്യത്തിൽത്തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുകയും പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിയാതെ വരികയും ചെയ്ത ഒരു ബാലൻ സ്വന്തം ഇഛാശക്തിയും കഠിനാധ്വാനവും കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ജനകീയ നേതാക്കളിൽ ഒരാളായി വളരുകയും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ എത്തിച്ചേരുകയും ചെയ്ത കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്.
6. ഏയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം (നോവൽ)
എം.മുകുന്ദൻ
അയാൾക്ക് അവളോട് അത്രമാത്രം സ്‌നേഹമുണ്ടായിരുന്നു. പ്രണയമാണ് അയാൾക്ക് വെളിച്ചം നല്‍കുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ.
7. ഒരു മനുഷ്യൻ ഏഴ് കൊടുമുടികൾ (ആത്മകഥ)
ഷെയ്ഖ് ഹസൻ ഖാൻ
ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികൾ കീഴടക്കിയ ഷെയ്ഖ് ഹസൻഖാന്റെ അനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം. ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ ലക്ഷ്യങ്ങളും ധൈര്യവും ആത്മവിശ്വാസവും ഈ കൃതിയിൽ വെളിപ്പെടുന്നു. ഷെയ്ഖ് ഹസൻ ഖാൻ അരുൺ ശങ്കറുമായി ചേർന്ന് രചന നിർവഹിച്ചിരിക്കുന്നു.
8. എന്താ കഥ (ബാലസാഹിത്യം)
കല്‍പ്പറ്റ നാരായണൻ
അർത്ഥസിദ്ധിക്കായി അലയുന്ന സിദ്ധാർത്ഥന്റെ നിരവധിയായ ജന്മങ്ങളിലൊന്നിലെ കഥയാണിത്. ഭൂതകാലത്തിൽ നിന്ന് ആസന്നകാലത്തിലേക്കു നടന്നെത്തിയ മനുഷ്യന്റെ സഞ്ചാരപഥം കഥകളായിരുന്നെന്ന് സിദ്ധാർത്ഥന് ജ്ഞാനോദയമുണ്ടാവുന്ന ഒരു സന്ദർഭം. കുട്ടികളിലെ മുതിർന്നവരെയും മുതിർന്നവരിലെ കുട്ടികളെയും അഭിസംബോധന ചെയ്യുന്ന നോവൽ കല്‍പ്പറ്റ നാരായണന്റെ ആദ്യ ബാലസാഹിത്യകൃതി.
9. ആ ഇന്ത്യ മരിച്ചിട്ടില്ല (ലേഖനങ്ങൾ)
സക്കറിയ
സമകാലിക സംഭവങ്ങളെ മനുഷ്യപക്ഷത്തുനിന്നുകൊണ്ട് സൂക്ഷ്മമായി വിലയിരുത്തുന്ന കുറിപ്പുകൾ. കേരളത്തിലെയും ഇന്ത്യയിലെയും സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ ചലനങ്ങളെ ചരിത്ര ബോധത്തിലും ജനാധിപത്യ വിശ്വാസത്തിലും അടിയുറച്ച ചിന്തയ്ക്കു വിധേയമാക്കുന്നു.
10. 5. അവളകം (നോവൽ
ഫ്രാൻസിസ് നൊറോണ
അനേകം അടരുകളുള്ള സ്ത്രീജീവിതത്തിന്റെ അജ്ഞാതതലങ്ങളിലേക്ക് കടന്നുചെല്ലാനുള്ള എഴുത്തുകാരന്റെ തീവ്രശ്രമമാണ് ഈ കൃതി. ആനന്ദമയി എന്ന അദ്ധ്യാപികയുടെ ജീവിതം ചുരുൾ നിവർത്തുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്ന മറ്റൊരുലോകം വായനക്കാരനുമുന്നിൽ തുറക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |