
ആലപ്പുഴ: കയർ ഉത്പാദനത്തിനുള്ള ചകിരിനാരുറപ്പാക്കാൻ 15 കോടി രൂപയുടെ മെറ്റീരിയൽ ബാങ്ക് ഫോർ കയർ ഫൈബർ സ്‌കീമുമായി വ്യവസായ വകുപ്പ്. കയർ സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും ഗുണനിലവാരമുള്ള ചകിരിനാര് ലഭ്യമാക്കുകയാണ് ലക്ഷ്യം.
മന്ത്രി പി. രാജീവിന്റെ പ്രത്യേക താത്പര്യപ്രകാരമുള്ള പദ്ധതിക്കായി നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (എൻ.സി.ഡി.സി) നിന്നാണ് 15 കോടി അനുവദിച്ചത്. ഇതിൽ മെറ്റീരിയൽ ബാങ്കിനുള്ള അഞ്ച് കോടിയുടെ പദ്ധതിയിൽ ആദ്യഗഡുവായി 43.75 ലക്ഷം രൂപ ബഡ്ജറ്റ് വിഹിതമായി അനുവദിച്ചു.
കേരളത്തിലെ കയർ വ്യവസായം പൂർണതോതിൽ പ്രവർത്തിക്കാൻ പ്രതിവർഷം 12 ലക്ഷം ക്വിന്റൽ ചകിരി വേണം. എന്നാൽ വാർഷിക ഉത്പാദനം 3 ലക്ഷം ക്വിന്റലിൽ താഴെയാണ്. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് ഇതിനായി ആശ്രയിക്കുന്നത്.
ടെൻഡർ വഴി ചകിരി വരും
സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്ന് നിശ്ചിത തുക കയർ ഡയറക്ടറുടെയും കയർഫെഡ് എം.ഡിയുടെയും സംയുക്ത അക്കൗണ്ടിലേക്ക് വകയിരുത്തും. കയർവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനും കയർ വികസന ഡയറക്ടർ ഫണ്ട് മാനേജരായും രൂപീകരിച്ച ചകിരി സംഭരണ സമിതി, കയർഫെഡും കയർ കോർപ്പറേഷനും ആവശ്യപ്പെടുന്നതനുസരിച്ച് പ്രതിവർഷം ആറു മാസത്തെ ഇടവേളയിൽ ഗുണനിലവാരം കർശനമായി പാലിച്ചുള്ള ചകിരിനാരും അസംസ്കൃത വസ്തുക്കളും ടെൻഡർ വഴി ലഭ്യമാക്കും. കയർഫെഡിനോ കയർകോർപ്പറേഷനോ കയറുത്പന്നങ്ങൾ കൈമാറുമ്പോൾ കിട്ടുന്ന വിലയിൽ നിന്ന് ചകിരിയുടെ പണം കയർ ഫൈബർ സ്‌കീമിൽ തിരിച്ചടയ്ക്കണം.
കേരളത്തിൽ ചകിരി ഉത്പാദനം
സഹകരണ, സ്വകാര്യ യൂണിറ്റുകൾ................157
പ്രവർത്തിക്കുന്നവ...............................................24
നവീകരിക്കുന്നവ.................................................23
പ്രവർത്തിക്കാത്തവ.........................................110
കയർപിരി സംഘങ്ങൾ...................................423
മാറ്റ്സ് - മാറ്റിംഗ്സ് സംഘങ്ങൾ......................33
ചെറുകിട സംഘങ്ങൾ......................................49
തൊഴിലാളികൾ.........................................40,000 (ക്ഷേമനിധി കണക്ക് പ്രകാരം)
കേരളത്തിലെ കയർവ്യവസായരംഗത്തെ പ്രതിസന്ധി മറികടക്കാൻ സഹായകമായ പദ്ധതിയാണ് വ്യവസായ വകുപ്പ് മന്ത്രി മുൻകൈയെടുത്ത് നടപ്പാക്കിയത്. കയറുത്പാദനമേഖലയ്ക്ക് വൻനേട്ടമുണ്ടാക്കാൻ ഇത് സഹായകമാകും
- പ്രതീഷ് ജി.പണിക്കർ, മാനേജിംഗ് ഡയറക്ടർ, കേരള കയർ കോർപ്പറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |