കോഴിക്കോട്: ഭരണം കുത്തകയാക്കിയിരുന്ന എൽ.ഡി.എഫിനെ താഴെയിറക്കി ചരിത്രത്തിലാദ്യമായി യു.ഡി.എഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റായി മില്ലി മോഹൻ കൊട്ടാരത്തിൽ ചുമതലയേറ്റു. ഇന്നലെ രാവിലെ 10.30 തിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ പതിമൂന്നിനെതിരെ 15 വോട്ടുകൾക്കായിരുന്നു മില്ലിയുടെ വിജയം. 15 യു.ഡി.എഫ് അംഗങ്ങളുടെയും വോട്ട് അവർക്ക് ലഭിച്ചു. എതിർ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ ശാരുതിക്ക് 13 വോട്ടുകളാണ് ലഭിച്ചത്. 28 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ ആരുടേയും വോട്ട് അസാധുവായില്ല. അസുഖബാധിതനായിട്ടും യു.ഡി.എഫിലെ താമരശ്ശേരി ഡിവിഷനിൽ നിന്നുള്ള ലീഗ് അംഗം പി.ജി മുഹമ്മദ് ആംബുലൻസിൽ വോട്ട് ചെയ്യാനെത്തിയത് യു.ഡി.എഫിന് ആശ്വാസമായി. വിജയ പ്രഖ്യാപനത്തിനുശേഷം മില്ലി മോഹൻ ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ഓടെ തന്നെ വരണാധികാരിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുകയും കൃത്യം 11.15 ഓടെ തിരഞ്ഞെടുപ്പ് പൂർത്തിയാകുകയും ചെയ്തു.
കോടഞ്ചേരി ഡിവിഷനിൽ നിന്നും വിജയിച്ച മില്ലി മോഹൻ മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസറി കമ്മിറ്റി മെമ്പറും തിരുവമ്പാടി വനിത സഹകരണ സംഘം പ്രസിഡന്റ് മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും കൂടിയാണ്. 2005-2010 കാലയളവിൽ ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിരുന്നു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയുമായിരുന്നു. രണ്ട് വർഷം മുൻപാണ് വിരമിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മൂന്നു പതിറ്റാണ്ടിന്റെ ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽ.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു
ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം ഒരിക്കൽ പോലും യു.ഡി.എഫിന് അധികാരം ലഭിച്ചിരുന്നില്ല.
കെ.കെ. നവാസ് വെെസ് പ്രസിഡന്റ്
ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 15 വോട്ടുകൾ നേടി നാദാപുരം ഡിവിഷനിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗം കെ.കെ. നവാസ് വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കടലുണ്ടി ഡിവിഷനിലെ സി.പി.ഐ അംഗം അഞ്ജിത ഷനൂപ് 13 വോട്ടുകളാണ് നേടിയത്. വിജയപ്രഖ്യാപനത്തിന് ശേഷം കെ.കെ. നവാസ് അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് മില്ലി മോഹൻ സത്യവാചകം ചൊല്ലികൊടുത്തു. ശേഷം നടന്ന അനുമോദന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി അംഗം ഡോ. എം ഹരിപ്രിയ, യു.ഡി.എഫ് നേതാക്കളായ ടി.ടി ഇസ്മായിൽ, സി.കെ കാസിം തുടങ്ങിയ നേതാക്കൾ എത്തി പ്രസിഡന്റ് മില്ലി മോഹനെയും വൈസ് പ്രസിഡന്റ് നവാസിനെയും അഭിനന്ദിച്ചു.
സമവായത്തിലും സഹകരണത്തിലും
ഊന്നി മുന്നോട്ട്: മില്ലി മോഹനൻ
കോഴിക്കോട്: സമവായം സഹകരണം ഈ രണ്ട് വാക്കുകൾ മുൻനിർത്തിയായിരിക്കും മുൻപോട്ട് പ്രവർത്തിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ മില്ലി മോഹനൻ കൊട്ടാരത്തിൽ പറഞ്ഞു. കോഴിക്കോടിന്റെ സമഗ്ര വികസനവും മനുഷ്യരുടെ നന്മയും ആണ് ലക്ഷ്യം വെക്കുന്നത്. ജില്ലയുടെ പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് ഒട്ടേറെ വികസന പദ്ധതികൾ നമുക്ക് ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്. മലയോര മേഖലയും ഇടനാടും തീരപ്രദേശവുമുള്ള ജില്ലയിലെ വിവിധ പ്രദേശത്തുള്ള ആളുകളുടെ ആവശ്യങ്ങൾ എന്താണെന്ന് മനസിലാക്കി അവരുടെ ഉന്നമനത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന ജനവിഭാഗങ്ങളുണ്ട് അവരേയും ചേർത്ത് പിടിക്കും. യു.ഡി.എഫിന് ഭരണം ലഭിച്ചത് ചരിത്രനേട്ടമാണ്. വളരെ നല്ല രീതിയിൽ തന്നെ ഞങ്ങൾ പ്രവർത്തിക്കും. അഴിമതിയെ തുടച്ചു നീക്കും. 28 ഡിവിഷനുകളെ ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |