
ചെന്നൈ: പാർട്ടിയിൽ സ്ഥാനം നിഷേധിച്ചതിനെത്തുടർന്നും ഭീഷണിയെത്തുടർന്നും ടി.വി.കെയുടെ രണ്ട് നേതാക്കൾ ആത്മഹത്യയ്ക്കു ശ്രമിച്ചു.
തൂത്തുക്കുടിയിലും തിരുവള്ളൂരിലുമാണ് സംഭവം.തൂത്തുക്കുടിയിൽ വനിതാ നേതാവ് അജിത ആഗ്നലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
രണ്ടു വർഷത്തിലേറെയായി സജീവപ്രവർത്തകയായിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു.
ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ടി.വി.കെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിതയും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് വിജയ്‌യുടെ കാർ തടയുകയും അദ്ദേഹത്തിന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു.
ക്രിസ്മസ്, പുതുവത്സരാശംസ നേർന്ന് സ്ഥാപിച്ച ബാനറിൽ തന്റെ ചിത്രമില്ലെന്ന് ആരോപിച്ച് പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതോടെയാണ് ടി.വി.കെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കുടിച്ച് അത്യാസന്ന നിലയിലായ തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് എന്ന സത്യനാരായണൻ തിരുവള്ളൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |