
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വെല്ലുവിളി സ്വീകരിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി. തുറന്ന വേദിയിൽ മുഖാമുഖം നിന്ന് സംവാദത്തിന് തയ്യാറാണോയെന്ന് ഇ.പി.എസ് മുഖ്യമന്ത്രിയോട് ചോദിച്ചു. കള്ളക്കുറിച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു സ്റ്റാലിന്റെ വെല്ലുവിളി.
'തമിഴ്നാട് നെഞ്ചു ഉയർത്തിപ്പിടിച്ച് കോളറുകൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് നീങ്ങുകയാണ്. അണ്ണാ ഡി.എം.കെയുടെ ഭരണകാലത്ത് ഇതിന്റെ അഞ്ച് ശതമാനം പോലും സംഭവിച്ചോ? അവർക്ക് പറയാൻ കഴിയമോ? ഇത് എന്റെ തുറന്ന വെല്ലുവിളിയാണ്. അവർക്ക് ധൈര്യമുണ്ടെങ്കിൽ അവർ പറയട്ടെ" എന്നാണ് പറഞ്ഞത്.
സർക്കാർ നേട്ടങ്ങളുടെ പട്ടികയും സ്റ്റാലിൻ നിരത്തി. ഇതിനുമറുപടിയായി ഇ.പി.എസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിച്ചത്. 'നിങ്ങൾ വേദിയിൽ വെല്ലുവിളിച്ച് സംസാരിച്ച കള്ളക്കുറിച്ചി ജില്ല അണ്ണാ ഡി.എം.കെഭരണകാലത്താണ് രൂപീകരിച്ചതെന്ന് നിങ്ങൾക്കറിയില്ലേ?
നിങ്ങൾ സംസാരിച്ച അതേ കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളേജ് അണ്ണാഡി.എം.കെ ഭരണത്തിന്റെ നേട്ടങ്ങൾ എന്താണെന്ന് നിങ്ങളോട് പറയും. ഭരണത്തിന്റെ തൊണ്ണൂറ്റഞ്ച് ശതമാനവും റിബൺ മുറിക്കാനും സ്റ്റിക്കറുകൾ ഒട്ടിക്കാനും സമയം ചെലവഴിക്കുന്ന നിങ്ങൾക്ക്, ചോദ്യം ചെയ്യാൻ എന്തെങ്കിലും അവകാശമണ്ടോ?
നേരിട്ട് സംവദിക്കാൻ തയ്യാറാണോ? അണ്ണാ ഡി.എം.കെ ഭരണത്തെക്കുറിച്ച് നിങ്ങൾ എന്ത് ചോദിച്ചാലും ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്. ഡി.എം.കെ ഭരണത്തെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾ തയ്യാറാണോ? നീറ്റ് റദ്ദാക്കൽ എന്തായി? ഇങ്ങനെയാണ് ഇ.പി.എസിന്റെ വെല്ലുവിളി.
മുഖ്യമന്ത്രി പരസ്യ സംവാദത്തിനു തയ്യാറാകുമോ എന്നാണ് തമിഴകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |