
തിരുവനന്തപുരം: സംസ്ഥാനസർക്കാർ മുൻകൂർ തുക നൽകിയിട്ടും ക്ഷേമപെൻഷൻകാർക്ക് തുക കൈമാറാതെ കേന്ദ്രസർക്കാർ അവഗണന. ഇതോടെ സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാപെൻഷൻ വാങ്ങുന്ന 8,46,456 പേർക്ക് ഡിസംബർ മാസത്തെ പെൻഷൻ തുകയായ 2000രൂപ പൂർണ്ണമായി കിട്ടിയില്ല. കേന്ദ്രനടപടിയിൽ സംസ്ഥാനം ശക്തമായി പ്രതിഷേധിച്ചു. സംസ്ഥാനത്ത് 62 ലക്ഷത്തോളം പേർക്ക് കൃത്യമായി പെൻഷൻ തുക മാസാമാസം ലഭിക്കുമ്പോൾ എട്ടരലക്ഷത്തോളം പേർക്ക് കിട്ടാതിരിക്കുന്ന സാഹചര്യം തെറ്റാണെന്ന് സംസ്ഥാന ധനവകുപ്പ് അറിയിച്ചു.
വാർദ്ധക്യകാല പെൻഷൻ,വികലാംഗ പെൻഷൻ,വിധവാ പെൻഷൻ എന്നിവയിലാണ് 200 രൂപ മുതൽ 500 രൂപ വരെ കേന്ദ്ര വിഹിതമുള്ളത്. ഈ തുകയാണ് മുടങ്ങിയത്.നേരത്തെ കേന്ദ്ര വിഹിതം കിട്ടിയിലെങ്കിലും സംസ്ഥാനസർക്കാർ മുൻകൂർ ആയി പെൻഷൻ വിതരണം ചെയ്യുമായിരുന്നു. 2023 മുതൽ ഇത് വേണ്ടെന്നും കേന്ദ്രവിഹിതം നേരിട്ട് കേന്ദ്രസർക്കാർ ഉപഭോക്താക്കൾക്ക് നൽകാമെന്നും അറിയിച്ചു.
എന്നാൽ ഇത് കൃത്യമായി കിട്ടാതെ വന്നതോടെ സംസ്ഥാനസർക്കാർ ഈ തുക മുൻകൂറായി കേന്ദ്രത്തിന് കൈമാറും.സംസ്ഥാനത്ത് പെൻഷൻ വിതരണം ചെയ്യുന്ന സമയം ഇതുകൂടി നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
ഇങ്ങനെ ഡിസംബർ 15ന് കേന്ദ്രത്തിന് നൽകിയ 24.75 കോടി രൂപയാണ് കൃത്യമായി പെൻഷൻകാർക്ക് നൽകാതെ കേന്ദ്രം ഉഴപ്പിയത്.ഇത്തരത്തിൽ കേന്ദ്രത്തിന് മുൻകൂറായി സംസ്ഥാനം കൈമാറുന്ന തുക തിരിച്ച് മടക്കി നൽകുന്നത് പലപ്പോഴും മാസങ്ങൾ കഴിഞ്ഞാണ്. ഇങ്ങനെ ഇതുവരെ 265 കോടിയാണ് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |