തൃശൂർ: കേരളത്തിലുണ്ട് മീൻപിടിക്കുന്ന എട്ടുകാലി. അരുവികളുടെ തീരത്തുള്ള ഇവയെ കണ്ടെത്തിയത് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ലക്കിടിയിലും വയനാട്ടിലും. ഇന്ത്യയിൽ ആദ്യമായാണ് കണ്ടെത്തുന്നത്.
വെള്ളത്തിലേക്ക് വീണുകിടക്കുന്ന ഇലകളിലും മരച്ചില്ലകളിലും പാറക്കല്ലുകളിലും ദിവസങ്ങളോളം ഇരയ്ക്കായി കാത്തിരിക്കും. വായോട് ചേർന്നുള്ള പ്രത്യേകതരം രോമങ്ങൾ വെള്ളത്തിലേക്ക് ഇറക്കിവച്ചാണ് ഇരകളുടെ സാന്നിദ്ധ്യം അറിയുന്നത്.
പീച്ചി വനഗവേഷണ സ്ഥാപനത്തിലെ ഡോ. ജിതു ഉണ്ണിക്കൃഷ്ണനും ഗവേഷകനായ സി.കെ.അർജുനും 'വയനാട് വൈൽഡ്" ഇക്കോ റിസോർട്ട് പ്രദേശത്ത് നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തിയത്. പ്രജനനം ലാബിൽ നടത്തി ജീവിതചക്രം പഠിക്കാനുമായി. വയനാട്, പെരിയയിലെ മഴക്കാടുകളിൽ ഉള്ളതായി വിവരം ലഭിച്ചെങ്കിലും പഠനം നടത്താനായില്ല.
വലയിൽ തൂങ്ങി
വെള്ളത്തിലേക്ക്
വെള്ളത്തിലേക്ക് ചാടുമ്പോൾ ഇരുന്ന പ്രതലത്തിൽ വല ഒട്ടിക്കും. കാലുകൾകൊണ്ട് ഇരയെ വളഞ്ഞുപിടിച്ച് കടിച്ചെടുക്കും. പല്ലുകൾ പോലെ കൂർത്ത ഭാഗങ്ങൾ വായോട് ചേർന്നുണ്ട്. വലയിൽ തൂങ്ങി ഇരിപ്പിടത്തിലേക്ക് മടങ്ങും. മീൻ ചത്തു കഴിയുമ്പോൾ ഭക്ഷിക്കാൻ തുടങ്ങും. ചിലന്തികളേക്കാൾ വ്യത്യസ്തമായ കണ്ണും ഇവയ്ക്കുണ്ട്.
ഇവയ്ക്ക് 10 മുതൽ 12 സെന്റീ മീറ്റർ വലിപ്പം വരും. നാലോ അഞ്ചോ സെന്റീ മീറ്റർ വലലിപ്പമുള്ള മീനുകളാണ് ഇര. 'ഫിഷിംഗ് സ്‌പൈഡേഴ്‌സ്" എന്നീ പേരിലാണ് അറിയപ്പെടുന്നത്.
ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഇനമായതിനാൽ ഡോളോമെഡെസ് ഇൻഡിക്കസ് എന്ന ശാസ്ത്രീയ നാമവും നൽകി. സ്ലോവേനിയയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിയുമായി ചേർന്നാണ് വർഗീകരണം പൂർത്തിയാക്കിയത്.
അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ 'നേച്ചർ സയന്റിഫിക്ക് റിപ്പോർട്സിൽ" ഇടം നേടിയ പഠനമാണിത്. നിരവധി ജീവികൾക്ക് വംശനാശം സംഭവിക്കുമ്പോൾ പുതിയ ജീവികളെ കണ്ടെത്തുന്നത് ശാസ്ത്രലോകത്തിന് മുതൽക്കൂട്ടാണ്.
-ഡോ. കണ്ണൻ സി.എസ്.വാരിയർ
ഡയറക്ടർ
വനഗവേഷണകേന്ദ്രം, പീച്ചി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |