
പാലക്കാട്: ചിറ്റൂരിൽ ആറുവയസുകാരൻ സുഹാന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകളോ മറ്റ് മുറിവുകളോ ഇല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സുഹാൻ പഠിച്ചിരുന്ന റോയൽ നഴ്സറി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു.
ഇന്നലെ വൈകുന്നേരം കാണാതായ സുഹാനായി അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് 21 മണിക്കൂറോളം നീണ്ട വിപുലമായ തിരച്ചിലാണ് നടത്തിയത്. വീടിന് സമീപത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ വീടിന് 800 മീറ്റർ അകലെയുള്ള കുളത്തിന്റെ മദ്ധ്യഭാഗത്തായി മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
സുഹാന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആറുവയസുകാരനായ കുട്ടി തനിച്ച് ഇത്രയും ദൂരം എങ്ങനെ എത്തിയെന്നതിലും കുളത്തിൽ വീണതിലും ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സാധാരണഗതിയിൽ ഒരാൾ നടന്നുപോകുമ്പോൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ള സ്ഥലമല്ലിതെന്നും അപകടസാദ്ധ്യതയല്ലാതെ മറ്റ് കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും ചിറ്റൂർ നഗരസഭ ചെയർമാൻ സുമേഷ് അച്യുതൻ പറഞ്ഞു. അതേസമയം, സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് സ്ഥലം എംഎൽഎയായ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |