
ആഗോള അനിശ്ചിതത്വം മറികടന്ന് മുന്നേറ്റം
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളെ മറികടന്ന് ഇന്ത്യ മികച്ച പ്രകടനം തുടർന്ന വർഷമാണ് പിന്നിടുന്നത്. ആഭ്യന്തര വിപണിയുടെ കരുത്താണ് ഇന്ത്യൻ മുന്നേറ്റത്തിന് കരുത്തായത്. രാജ്യത്തെ ഓഹരി വിപണി കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും നിക്ഷേപകർക്ക് വലിയ നഷ്‌ടമുണ്ടാക്കാതെയാണ് 2025 അവസാനിക്കുന്നത്. വിദേശ ഫണ്ടുകളുടെ വിൽപ്പന സമ്മർദ്ദവും ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവും സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര നിക്ഷേപകരുടെ ആവേശകരമായ പങ്കാളിത്തം സഹായകരമായി. നടപ്പു വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിലും ജി.ഡി.പി വളർച്ച മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവയും റഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ രാഷ്‌ട്രീയ പ്രതിസന്ധികളും ലോകമൊട്ടാകെയുള്ള വിപണികളെ മുൾമുനയിലാക്കിയിട്ടും ഇന്ത്യ വേറിട്ട വളർച്ചയാണ് നേടിയത്. ഇതിനിടെ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായും ഇന്ത്യ ഉയർന്നു. പുതിയ വിപണികൾ കണ്ടെത്തി ഇന്ത്യൻ കയറ്റുമതിക്കാർ വളർന്നതും നേട്ടമായി.
കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു
അമേരിക്കയിലെ 50 ശതമാനം തീരുവ ഇന്ത്യൻ കയറ്റുമതിക്കാരെ കാര്യമായി ബാധിച്ചില്ല. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യു.എ.ഇ എന്നിവിടങ്ങളിലേക്ക് വിപണി വികസിപ്പിച്ചാണ് കയറ്റുമതിക്കാർ പ്രതിസന്ധി മറികടന്നത്. നടപ്പുവർഷം ആദ്യ പതിനൊന്ന് മാസങ്ങളിൽ 40,700 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. വ്യാവസായിക ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം കയറ്റുമതി നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ 56,200 കോടി ഡോളറായി ഉയർന്നു.
കയറ്റുമതി
2020 : 27,650 കോടി ഡോളർ
2021 : 39,550 കോടി ഡോളർ
2022 : 45,330 കോടി ഡോളർ
2023 : 38,950 കോടി ഡോളർ
2024 : 44,300 കോടി ഡോളർ
2025 ജനുവരി മുതൽ നവംബർ വരെ: 40,700 കോടി ഡോളർ
വിദേശ നാണയ ശേഖരം ഉയരുന്നു
ഇന്ത്യയുടെ വിദേശ നാണയശേഖരം ഡിസംബർ 19ന് അവസാനിച്ച വാരത്തിൽ 436 കോടി ഡോളർ ഉയർന്ന് 69,332 കോടി ഡോളറിലെത്തി. സ്വർണ ശേഖരത്തിന്റെ മൂല്യം 262 കോടി ഡോളർ ഉയർന്ന് 11,036 കോടി ഡോളറായി. നടപ്പുവർഷം ജനുവരിയിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 62,035 കോടി ഡോളറായിരുന്നു.
2030ൽ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകും
ജി.ഡി.പിയുടെ പ്രതീക്ഷിക്കുന്ന വലുപ്പം: 6,62,800 കോടി ഡോളർ
നാണയപ്പെരുപ്പത്തെ മെരുക്കി റിസർവ് ബാങ്ക്
കഴിഞ്ഞ വർഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ നാണയപ്പെരുപ്പം പൂർണമായി നിയന്ത്രണ വിധേയമാക്കുന്നതിന് റിസർവ് ബാങ്ക് നടപടികൾ സഹായിച്ചു. ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ജനുവരിയിൽ 3.10 ശതമാനമായിരുന്നു. റിസർവ് ബാങ്ക് ശക്തമായി ഇടപെട്ടതോടെ നവംബറിൽ നാണയപ്പെരുപ്പം 0.71 ശതമാനമായി താഴ്ന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയും വർഷാന്ത്യത്തിൽ കുത്തനെ താഴ്ന്നു.
പലിശ കുറയും കാലം
നടപ്പു വർഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് 1.25 ശതമാനമാണ് കുറച്ചത്. ഫെബ്രുവരിയിലെ ധനനയത്തിൽ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് 6.25 ശതമാനമാക്കി. പിന്നീട് മൂന്ന് തവണയായി നിരക്ക് ഒരു ശതമാനം കുറച്ചതോടെ റിപ്പോ 5.25 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ്, കാർഷിക വായ്പകളുടെ പലിശയിലും ആനുപാതികമായ കുറവുണ്ടായി, രാജ്യത്ത് ഉപഭോഗം മെച്ചപ്പെടാൻ പലിശ ഇളവ് സഹായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |