
ത്രസിപ്പിക്കുന്ന വളർച്ചയോടെ പുതുവർഷത്തിലേക്ക്
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും വെല്ലുവിളികളും മറികടന്ന് വളർച്ചയുടെ പുതിയ ഉയരങ്ങൾ കീഴടക്കിയാണ് ഇന്ത്യ നടപ്പുവർഷം പിന്നിടുന്നത്. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യ നടപ്പു വർഷത്തെ ആദ്യ മൂന്ന് ത്രൈമാസത്തിലും ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ മികച്ച വളർച്ചയാണ് നേടിയത്. മാനുഫാക്‌ചറിംഗ്, കാർഷിക, വ്യാവസായിക, സേവന മേഖലകളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് സാമ്പത്തിക രംഗം മുന്നേറിയത്. ഇതോടൊപ്പം ചൈനയ്ക്ക് ബദലായ പുതിയ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ആഗോള ടെക്ക് കമ്പനികളും വാഹന നിർമ്മാതാക്കളും മൊബൈൽ ഫോൺ ഉത്പാദകരും പണമൊഴുക്കിയതോടെ ഏഷ്യയിലെ പുതിയ ബിസിനസ് ഹബായി ഇന്ത്യ മാറുകയാണ്. ഗൂഗിൾ, മൈക്രോസോഫ്‌റ്റ്, ആപ്പിൾ തുടങ്ങിയ ആഗോള ഭീമന്മാരെല്ലാം ഇന്ത്യയിലേക്ക് നടപ്പുവർഷം നിക്ഷേപം ഒഴുക്കി.
കാലവർഷത്തിന്റെ ലഭ്യത ഉയർന്നതോടെ ഉത്പാദനം മെച്ചപ്പെട്ടതാണ് കാർഷിക, ഗ്രാമീണ മേഖലകൾക്ക് കരുത്തായത്. എന്നാൽ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തിയതിനു ശേഷമുള്ള കടുത്ത വ്യാപാര യുദ്ധ നടപടികൾ സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിയായി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം പകരത്തീരുവയും 25 ശതമാനം പിഴത്തീരുവയും ഏർപ്പെടുത്തിയതോടെ കയറ്റുമതി വിപണി കടുത്ത പ്രതിസന്ധിയിലായി. കയറ്റുമതിയിലെ തിരിച്ചടി മറികടക്കാൻ കേന്ദ്ര സർക്കാർ സെപ്തംബറിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 600ൽ അധികം ഉത്പന്നങ്ങളുടെ ചരക്കു സേവന നികുതി കുത്തനെ കുറച്ചതോടെ ആഭ്യന്തര ഉപഭോഗം മെച്ചപ്പെട്ടതാണ് സാമ്പത്തിക മേഖലയ്ക്ക് ശക്തി പകർന്നത്.
വളർച്ചയുടെ പൂക്കാലം
നടപ്പുവർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) 7.4 ശതമാനം വളർച്ചയാണുണ്ടായത്. മാനുഫാക്ചറിംഗ്, നിർമ്മാണ മേഖലകളുടെ മികച്ച വളർച്ചയാണ് ഇക്കാലയളവിൽ കരുത്തായത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം ത്രൈമാസത്തിൽ ജി.ഡി.പി വളർച്ച 7.8 ശതമാനമായി ഉയർന്നു. മാനുഫാക്ചറിംഗ്, സേവന മേഖലകളാണ് ഇക്കാലയളവിൽ പിന്തുണയായത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്നാം ത്രൈമാസത്തിൽ ജി.ഡി.പിയിൽ 8.2 ശതമാനം വളർച്ചയുമായി നില മെച്ചപ്പെടുത്തി.
അനുകൂല ഘടകങ്ങൾ
1. ആഭ്യന്തര ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടായ മികച്ച ഉണർവ്
2. ടെലികോം, വാഹന, ഇലക്ട്രോണിക്‌സ് മേഖലകളിലെ വിദേശ നിക്ഷേപ ഒഴുക്ക്
3. കാലവർഷ ലഭ്യതയുടെ കരുത്തിൽ കാർഷിക, ഗ്രാമീണ മേഖലകളിലെ ഉണർവ്
4. ആഗോള തീരുവ പ്രതിസന്ധി മറികടന്ന് കയറ്റുമതിയിലുണ്ടായ വർദ്ധന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |