
നാലാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് വിജയം, സ്മൃതി മാന്ഥനയ്ക്കും (80), ഷെഫാലി വെർമ്മയ്ക്കും (79) അർദ്ധസെഞ്ച്വറി
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയെ വീണ്ടും കീഴടക്കി ഇന്ത്യൻ വനിതകൾ. ഇന്നലെ നടന്ന നാലാം ട്വന്റി-20യിൽ 30 റൺസിനായിരുന്നു പരമ്പരയിലെ ഇന്ത്യയുടെ നാലാം തുടർവിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കാഡ് സ്കോറായ 221/2 ഉയർത്തിയതിന് ശേഷം ലങ്കയെ 191/6ൽ ഒതുക്കുകയായിരുന്നു.
ആദ്യ മൂന്ന് ട്വന്റി-20 കളിലും ശ്രീലങ്കയെ ചേസ് ചെയ്ത് കീഴടക്കിയിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്നലെ ടോസ് നഷ്ടപ്പെട്ടാണ് ബാറ്റിംഗിനിറങ്ങിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും തകർത്തടിച്ച് അർദ്ധസെഞ്ച്വറി നേടിയ ഷെഫാലി വെർമ്മയും (46 പന്തുകളിൽ 79 റൺസ്), പരമ്പരയിലാദ്യമായി ഫോമിലേക്ക് ഉയർന്ന ഉപനായിക സ്മൃതി മാന്ഥനയും (48 പന്തുകളിൽ 80 റൺസ്), അവസാന ഓവറുകളിൽ തകർത്തടിച്ച റിച്ച ഘോഷും (16 പന്തുകളിൽ 40 റൺസ് ) ചേർന്നാണ് ഇന്ത്യയെ 221ലെത്തിച്ചത്.
ആദ്യ മൂന്ന് കളികളും ജയിച്ചതിനാൽ പരമ്പര കൈക്കലാക്കിക്കഴിഞ്ഞ ഇന്ത്യ ഇന്നലെ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞകളികളിലേതിന്റെ ബാക്കിയെന്നോണം ഷെഫാലി തുടക്കം മുതൽ അടിച്ചുകസറി. ഇതോടെ സ്മൃതിക്കും ഹരമായി. ഇരുവരും ചേർന്ന് ആദ്യ ആറോവറിൽ 61 റൺസിലെത്തിച്ചു. ഗ്രൗണ്ടിന്റെ നാലുപാടേക്കും ഫോറുകളും സിക്സുകളും പറന്നതോടെ ഗാലറിയിലെത്തിയ കാണികൾക്കും ആവേശമായി. ഇരുവരും സെഞ്ച്വറി നേടുന്നത് കാണാൻ കാത്തിരുന്നവരയ നിരാശപ്പെടുത്തിയാണ് 16-ാം ഓവറിൽ ഷെഫാലി മടങ്ങിയത്. 46 പന്തുകളിൽ 12 ഫോറുകളും ഒരു സിക്സും പറത്തിയ ഷെഫാലിയെ നിമിഷ മീപ്പഗേ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. 15.2 ഓവറിൽ 162 റൺസ് കൂട്ടിച്ചേർത്തശേഷമാണ് ഷെഫാലി മടങ്ങിയത്. ഇതോടെ സ്മൃതിയുടെ താളവും തെറ്റി. 17-ാം ഓവറിന്റെ ആദ്യ പന്തിൽ ഷെഹാനിയുടെ ബൗളിംഗിൽ ദുലാനിക്ക് ക്യാച്ച് നൽകിയാണ് സ്മൃതി ഔട്ടായത്. 48 പന്തുകൾ നേരിട്ട സ്മൃതി 11 ഫോറുകളും മൂന്ന് സിക്സുകളും പായിച്ച് ഗാലറിയെ ഹരംകൊള്ളിച്ചു.
തുടർന്നുള്ള 23 പന്തുകളിൽ റിച്ചയും ഹർമൻപ്രീതും(16)ചേർന്ന് അടിച്ചുകൂട്ടിയത് 53 റൺസാണ്. റിച്ച 16 പന്തുകളിൽ നാലുഫോറുകളും മൂന്ന് സിക്സുകളും പായിച്ചു. ഹർമൻ 10 പന്തുകളിൽ ഓരോ ഫോറും സിക്സുമടിച്ചു.
തന്റെ 150-ാം മത്സരത്തിനിറങ്ങിയ ക്യാപ്ടൻ ചമരി അട്ടപ്പട്ടുവും (52), ഓപ്പണർ ഹാസിനി പെരേരയും(33), ഇമേഷയും (29) ലങ്കയ്ക്കായി പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. അവസാന ട്വന്റി-20 നാളെ ഇതേ വേദിയിൽ നടക്കും.
ജമീമയ്ക്ക് പനി
സൂപ്പർ താരം ജെമീമ റോഡ്രിഗസിന് നേരിയ പനി ബാധിച്ചതിനാൽ ഇന്ത്യ ഇന്നലെ കളിക്കാൻ ഇറക്കിയില്ല. പകരം ഹർലീൻ ഡിയോൾ പ്ളേയിംഗ് ഇലവനിലെത്തിയെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ക്രാന്തി ഗൗഡിന് വിശ്രമം നൽകി അരുന്ധതി റെഡ്ഡിക്കും ഇന്ത്യ അവസരം നൽകി. ശ്രീലങ്കൻ ടീമിലും രണ്ട് മാറ്റങ്ങളുണ്ടായിരുന്നു. സീമർ കാവ്യ കവിന്ദിക്കും ആൾറൗണ്ടർ രശ്മിക സെവ്വാന്ദിക്കും ലങ്ക അവസരം നൽകി. ഇനോകയും മൽകിയുമാണ് പുറത്തിരുന്നത്.
10000 കടന്ന് സ്മൃതി
ഇന്നലെ വ്യക്തിഗത സ്കോർ 27ലെത്തിയപ്പോൾ സ്മൃതി മാന്ഥന അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന നാലാമത്തെ ലോക വനിതാ ക്രിക്കറ്ററും രണ്ടാമത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്ററുമായി. ഇന്ത്യയിൽ നിന്ന് ഇതിനുമുമ്പ് മിഥാലിരാജ് മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് കടന്നിട്ടുള്ളൂ. ഇന്നലെ കമന്ററി ബോക്സിൽ മിഥാലിയെ സാക്ഷിയാക്കിയാണ് സ്മൃതി ചരിത്രനേട്ടത്തിലേക്ക് എത്തിയത്.10868 റൺസാണ് മിഥാലിയുടെ പേരിലുള്ളത്. ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്സ് (10652), ഇംഗ്ളണ്ടിന്റെ ചാർലറ്റ് എഡ്വാഡ്സ് (10273) എന്നിവരാണ് 10000കടന്ന മറ്റ് വനിതാ താരങ്ങൾ.
ഇന്നലത്തെ ഇന്നിംഗ്സോടെ സ്മൃതി ട്വന്റി-20യിൽ 4102 റൺസ് തികച്ചു. ടെസ്റ്റിൽ 629 റൺസും ഏകദിനത്തിൽ 5322 റൺസും സ്മൃതിയുടെ അക്കൗണ്ടിലുണ്ട്.
150
ലങ്കൻ ക്യാപ്ടൻ ചമരി അട്ടപ്പട്ടുവിന്റെ 150-ാമത് അന്താരാഷ്ട്ര ട്വന്റി-20 മത്സരമായിരുന്നു ഇത്.
221/2
വനിതാ ട്വന്റി-20 യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഇന്നലെ കാര്യവട്ടത്ത് പിറന്നത്. വിൻഡീസിനെതിരെ നവി മുംബയ്‌യിൽ നേടിയിരുന്ന 217റൺസിന്റെ റെക്കാഡാണ് മറികടന്നത്.
162
ട്വന്റി-20യിൽ ഏതുവിക്കറ്റിലെയും ഇന്ത്യൻ വനിതാ ടീമിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇന്നലെ സ്മൃതിയും ഷെഫാലിയും കുറിച്ചത്. 2019ൽ ഇവർ തന്നെ വിൻഡീസിനെതിരെ നേടിയിരുന്ന 143 റൺസിന്റെ കൂട്ടുകെട്ടാണ് മറികടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |