
ന്യൂഡൽഹി: സിഗരറ്റിന്റെ വില കുത്തനെ ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ. നിലവിൽ 18 രൂപ വിലയുള്ള ഒരു സിഗരറ്റിന് ഭാവിയിൽ 72 രൂപ വരെയായേക്കാമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. സിഗരറ്റ് വിൽപ്പന നിയന്ത്രിക്കുന്നതിനായി എക്‌സൈസ് തീരുവയിൽ കുത്തനെ വർദ്ധനവ് വരുത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ഈ തീരുമാനം പുകവലി ഉപേക്ഷിക്കാൻ കാരണമാകുമെന്ന പ്രതീക്ഷയിൽ ചിലർ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും വിമർശനങ്ങളും ഉയരുന്നുണ്ട്.
ചിലർ റെഡിറ്റിലൂടെ ഇതുമായി ബന്ധപ്പെട്ട ബില്ലിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ പുതിയ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇത് വിദ്യാർത്ഥികളിലും യുവാക്കളിലും ഇടയിലുള്ള പുകവലിക്കാരുടെ എണ്ണത്തെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും ഒരാൾ കമന്റ് ചെയ്തു. എന്നാൽ മറ്റൊരാൾ പ്രതികരിച്ചത്, ഡൽഹിയിലെ മലിനമായ വായുവിൽ ജീവിച്ച തങ്ങൾക്ക് സിഗരറ്റുകൾ കാര്യമായ മാറ്റമുണ്ടാക്കില്ലെന്നായിരുന്നു.
എന്നാൽ സിഗരറ്റിന്റെ വില കുത്തനെ ഉയർത്തുന്നത് ഇ സിഗരറ്റുകൾ പോലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ പ്രേരിപ്പിച്ചേക്കാമെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പുതിയ തീരുമാനം നടപ്പിലാക്കുന്നതിനു മുൻപ് തന്നെ കൂടുതൽ സിഗരറ്റുകൾ വാങ്ങിവയ്ക്കണമെന്നും ഒരാൾ തമാശരൂപേണ പറയുന്നുണ്ട്. അതേസമയം, സെൻട്രൽ എക്‌സൈസ് ബിൽ പാർലമെന്റ് പാസാക്കിയിട്ടുണ്ട്. സിഗരറ്റ്, സിഗാർ, ഹുക്ക പുകയില, സർദ സുഗന്ധമുള്ള പുകയില എന്നിവയുൾപ്പെടെയുള്ള ലഹരി ഉൽപ്പന്നങ്ങളുടെ എക്‌സൈസ് തീരുവ പരിഷ്‌കരിക്കുന്നതിനാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അവതരിപ്പിച്ച ബിൽ ലക്ഷ്യമിടുന്നത്.
1944ലെ നിലവിലെ സെൻട്രൽ എക്സൈസ് ആക്ട് പ്രകാരം, നീളവും തരവും അനുസരിച്ച് 1,000 സിഗരറ്റുകൾക്ക് 200 രൂപ മുതൽ 735 രൂപ വരെ തീരുവ ചുമത്തുന്നു. പുതിയ ഭേദഗതി പ്രകാരം 1,000 സിഗരറ്റുകൾക്ക് 2,700 മുതൽ 11,000 രൂപ വരെ തീരുവ വർദ്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |