
ചെസ് ലോകകപ്പിലെ
ദിവ്യാത്ഭുതം
ജോർജിയയിലെ ബാത്തുമിയിൽ നടന്ന വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ താരം 19കാരിയായ ദിവ്യ ദേശ്മുഖ് ചാമ്പ്യനായി.ഇന്ത്യൻ താരങ്ങൾ മുഖാമുഖം വന്ന ഫൈനലിൽ 38കാരിയായ കൊനേരു ഹംപിയുടെ പരിചയ സമ്പത്തിനെ ടൈബ്രേക്കറിൽ വെട്ടി വീഴ്‌ത്തിയാണ് ദിവ്യ ചാമ്പ്യനായത്. വനിതാ ചെസ് ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദിവ്യ. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് ഗെയിമിൽ സമനില പാലിച്ച ദിവ്യ രണ്ടാം റാപ്പിഡ് ഗെയിമിൽ ജയം നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. ഫൈനലിലെ ക്ളാസിക് ഫോർമാറ്റിലെ ആദ്യ രണ്ടു ഗെയിമുകളിൽ സമനില പാലിച്ചതിനെ തുടർന്നാണ് ടൈബ്രേക്കറിലേക്ക് നീണ്ടത്. ലോകകപ്പ് നേട്ടത്തോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ദിവ്യയെ തേടിയെത്തി.
കേരളത്തിന് അഭിമാനമായി
ദിവി ബിജേഷ്
ലോക ചെസ് വേദികളിൽ കേരളത്തിന് അഭിമാനമായി മാറിയത് പത്തുവയസ് തികഞ്ഞിട്ടില്ലാത്ത ദിവി ബിജേഷാണ്. ജോർജിയയിൽ നടന്ന എട്ടു മുതൽ 12 വയസുവരെയുള്ളവരുടെ ഫിഡെ ചെസ് ലോകകപ്പിലെ 10 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ കിരീടം നേടിയ ദിവി മലേഷ്യയിൽ നടന്ന കോമൺവെൽത്ത് അണ്ടർ-12 ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പിലും വേൾഡ് കേഡറ്റ് റാപ്പിഡ് ചാമ്പ്യൻഷിപ്പ് എന്നിവയിലും ജേതാവായിരുന്നു. വേൾഡ് കേഡറ്റ് ബ്ലിറ്റ്‌സ് റണ്ണർ അപ്പ്, വേൾഡ് സ്കൂൾസ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങളും സ്വന്തമാക്കി.75-ത്തിലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ കൂടിയാണ്.
കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥിനിയും ബിജേഷിന്റെയും പ്രഭയുടെയും മകളുമാണ് ദിവി. സഹോദരൻ ദേവ്‌നാഥും ദേശീയ ചെസ് താരമാണ്.
ചരിത്രം കുറിച്ച്
കിർസ്റ്റി കോവൻട്രി
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) ആദ്യ വനിതാ പ്രസിഡന്റെന്ന ചരിത്ര നേട്ടം കുറിച്ച് സിംബാബ്വെക്കാരി കിർസ്റ്റി കോവൻട്രി. ഗ്രീസിൽ നടന്ന ഐ.ഒ.സി സെഷനിൽ വോട്ടെടുപ്പിലൂടെയാണ് തോമസ് ബക്കിന്റെ പിൻഗാമിയായി കിർസ്റ്റി തിരഞ്ഞെടുക്കപ്പെട്ടത്. ഐ.ഒ.സി പ്രസിഡന്റാകുന്ന ആദ്യ ആഫ്രിക്കക്കാരിയും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് 41കാരിയായ കിർസ്റ്റി. മുൻ അന്തർദേശീയ നീന്തൽ താരവും രണ്ട് ഒളിമ്പിക് സ്വർണമെഡലുകൾക്ക് ഉടമയുമാണ്.
വോട്ടിംഗിൽ പ്രമുഖരായ ആറ് പേരെ പിന്തള്ളിയാണ് കിർസ്റ്റി ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയുടെ അദ്ധ്യക്ഷയായത്. ഇത്തവണ മത്സരരംഗത്തുണ്ടായിരുന്ന ഏകവനിതയും കിർസ്റ്റിയായിരുന്നു. ലോക അത്ലറ്റിക്സ് സംഘടനയുടെ പ്രസിഡന്റ് സെബാസ്റ്റ്യൻ കോ (ബ്രിട്ടൺ), ഐ.ഒ.സി എക്സ്ക്യുട്ടീവ് ബോർഡ് അംഗം പ്രിൻസ് ഫൈസൽ അൽ ഹുസൈൻ (ജോർദാൻ), ഐ.ഒ.സി വൈസ് പ്രസിഡന്റ് യുവാൻ അന്റോണിയോ സമരാഞ്ച് ജൂനിയർ (സ്പെയിൻ), രാജ്യാന്തര സ്കീ സ്നോബോർഡ് ഫെഡറേഷൻ പ്രസിഡന്റ് യാഹോൻ എലായഷ് (സ്വീഡൻ), ജിംനാസ്റ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് മൊറിനാരി വാത്തനേബ (ജപ്പാൻ), രാജ്യാന്തര സൈക്ലിംഗ് യൂണിയൻ പ്രസിഡന്റ് ഡേവിഡ് ലബാട്ടിയ (ഫ്രാൻസ്) എന്നിവരെയാണ് കിർസ്റ്റി തോൽപ്പിച്ചത്. ആകെ സാധുവായ 97 വോട്ടിൽ 49 വോട്ടാണ് കിർസ്റ്റി നേടിയത്. ആദ്യ റൗണ്ട് വോട്ടടുപ്പിൽ തന്നെ ജയിക്കാനാവശ്യമായ ഭൂരിപക്ഷം കിർസ്റ്റിക്ക് ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ സമാരാഞ്ചിന് 28 വോട്ട് ലഭിച്ചു.സെബാസ്റ്റ്യൻ കോ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് രണ്ടക്കം കാണാനായില്ല.
വനിതാ പ്രിമിയർ ലീഗിൽ
മുംബയ് കിരീടം
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടത്തിൽ വീണ്ടും മുംബയ് മുത്തം. മുംബയ്‌യിലെ ബ്രാബോൺ സ്റ്റേഡിയം വേദിയായ വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 8 റൺസിന് കീഴടക്കിയാണ് മുംബയ് തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം സീസണിലാണ് ഡൽഹി ഫൈനലിൽ തോറ്റത്. മൂന്ന് സീസണിലും ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായതും ഡൽഹിയാണ്.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത മുംബയ് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 149 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 141 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. മികച്ച ഓൾറൗണ്ട് പ്രകടനവുമായി നാറ്റ് സ്കൈവർ ബ്രന്റും പ്രതിസന്ധിഘട്ടത്തിൽ ക്രീസിലെത്തി ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചക്യാപ്‌ടൻ ഹർമ്മൻ പ്രീത് കൗറുമാണ് മുംബയ്‌യുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഹർമൻപ്രീത് കൗറാണ് പ്ളേയർ ഓഫ് ദ ഫൈനൽ.
നാറ്റ് ഷീവർ ബ്രണ്ട് പ്ളേയർ ഓഫ് ദ ടൂർണമെന്റായി.
വന്നു, കായിക
നയവും നിയമവും
2036 ഒളിമ്പിക്സിന് വേദിയാനുള്ള നടപടി ക്രമങ്ങളിലേക്ക് ഔദ്യോഗികമായി ഇന്ത്യ കടന്നിരിക്കേ അതിനുള്ള തയ്യാറെടുപ്പുകൾക്കുള്ള മാർഗരേഖയായി ദേശീയ കായിക നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സ്പോർട്സിനെ രാജ്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്യുന്ന പുതിയ കായികനയം കായിക പ്രതിഭകളെ ചെറുതിലേ കണ്ടെത്താനും അടിസ്ഥാന കായിക സൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2001ലെ കായിക നയത്തിന് പകരമാണിത്. ഇന്ത്യയെ ആഗോള കായിക ശക്തിയായി മാറ്റുകയാണ് പുതിയ നയം ലക്ഷ്യമിടുന്നത്. ഉത്തേജക ഉപയോഗം തടയാൻ നിയമനിർമാണം ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയതാണ് നയം.തദ്ദേശീയ, പാരമ്പര്യ കായിക വിനോദങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും രാജ്യത്തെ കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമുള്ള കർമ പദ്ധതികളാണ് ‘ഖേലോ ഭാരത് നീതി –2025’ എന്നു പേരിട്ടിരിക്കുന്ന പുതിയ നയത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |