
കണ്ണൂർ: വിദ്യാർത്ഥികളുടെ സർഗശേഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുസ്തക കമ്മിറ്റി രൂപീകരിക്കുകയും തിരഞ്ഞെടുക്കുന്ന രചനകൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച് ലൈബ്രറികളിൽ എത്തിക്കുകയും ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. .തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ തളിപ്പറമ്പിലെ വിദ്യാർത്ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടന്നപ്പള്ളി ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥി ലക്ഷ്മിക മനോജ് 'വിദ്യാർത്ഥി രചനകൾ ജനങ്ങളിലേക്കെങ്ങനെ എത്തിക്കുമെന്ന ചോദ്യം ഉന്നയിച്ചതിനോടുള്ള പ്രതികരണമായിരുന്നു പ്രഖ്യാപനം. വിദ്യാർത്ഥികൾ വിദേശത്ത് ഉപരി പഠനത്തിനു പോകുന്ന പ്രവണത കുറയ്‌ക്കേണ്ടതിനെക്കുറിച്ച് സദസ്സിൽ ചോദ്യമുയർന്നു. ഇന്ത്യയിൽ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമുള്ളത് കേരളത്തിലാണെന്നും പൊതുവിദ്യാഭ്യാസം, തൊഴിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ ഒരുമിച്ച് ഇനിയും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയാണെന്നും മന്ത്രി പറഞ്ഞു. വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാന ശൃംഖലയ്ക്കനുസൃതമായി പാഠപുസ്തകങ്ങൾ എല്ലാ വർഷവും പരിഷ്‌കരിക്കേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റ് ലഭ്യമാക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
തളിപ്പറമ്പിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കില സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുകയാണെന്നും 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയിലൂടെ വിദ്യാലയങ്ങളിലും പഞ്ചായത്തുകളിലും കളിക്കളങ്ങൾ ഒരുങ്ങുന്നുണ്ടെന്നും സ്ഥലം എം.എൽ.എ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. മുപ്പതോളം സ്‌കൂളുകളിൽ നിന്നായി ഇരുനൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |