ചങ്ങനാശേരി: കായൽ സൗന്ദര്യം നുകരാൻ, പുതിയതായി തുടങ്ങിയ സ്‌പെഷ്യൽ ബോട്ട് സർവീസ് സൂപ്പർ ഹിറ്റ്. സംസ്ഥാന ജലഗതാഗത വകുപ്പ് ചങ്ങനാശേരിയിൽ നിന്നും വിനോദ സഞ്ചാരികൾക്ക് കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായി തുടങ്ങിയ സ്‌പെഷ്യൽ ബോട്ടിന്റെ ആദ്യ യാത്രയിൽ അറുപതോളം പേർ കാവാലത്തുള്ള രാജപുരം വരെയുള്ള യാത്രയിൽ പങ്കെടുത്തു. ഞായറാഴ്‌ചകളിലും മറ്റ് അവധി ദിവസങ്ങളിലുമായിരിക്കും സ്‌പെഷ്യൽ ബോട്ട് സർവീസ് നടത്തുക. ബോട്ടിന്റെ ആദ്യ യാത്രയിൽ
കുട്ടികൾ ഉൾപ്പടെ കുടുംബമായാണ് പലരും യാത്രയിൽ പങ്കെടുത്തത്. രാവിലെ 11 ന് യാത്ര തിരിച്ച സർവീസ് വൈകിട്ട് മൂന്നോടെ തിരിച്ചെത്തി. യാത്രയിൽ പങ്കെടുത്തക്കെല്ലാം ബോട്ട് യാത്ര നവ്യാനുഭവമായി.
യാത്ര ഇങ്ങനെ
ഞായറാഴ്ചകളിൽ രാവിലെ 11 നും, ഉച്ചകഴിഞ്ഞ് മൂന്നിനും ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ നിന്നും സർവീസ് ഉണ്ടായിരിക്കും. മറ്റ് അവധി ദിവസങ്ങളിലും രാവിലെ 11 ന് സർവീസ് നടത്തും. ഒരാൾക്ക് 200 രൂപയാണ് ടിക്കറ്റ് ചാർജ്. മൂന്നു മണിക്കൂർ നീളുന്ന യാത്ര കുട്ടികൾക്കും മുതിർന്നവർക്കും കുട്ടനാടിന്റെ കാഴ്ച്ചകൾ കണ്ടു കൊണ്ടുള്ള മനോഹരമായ ഒരു ഓർമ്മയാണ് സമ്മാനിക്കുന്നത്.
സംസ്ഥാന ജലഗതാഗതവകുപ്പ് ടൂറിസം വികസനം ലക്ഷ്യമാക്കി അഞ്ച് പുതിയ ബോട്ടുകൾ സവീസിനായി ലഭ്യമാക്കുന്നുണ്ട്. ചങ്ങനാശേരിയിൽ നിന്നുള്ള ടൂറിസം വികസനത്തിന്റെ ഭാഗമായി ഒരെണ്ണം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യും.
അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |