
വേനലിന് മുന്നേ പകൽ ചൂടിൽ ഉരുകി കോട്ടയം
കോട്ടയം: മഞ്ഞ് വീഴുന്ന ഡിസംബർ മാസത്തിലെ കുളിരിലും, പകൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ് ജില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ദിവസം പുനലൂർ മുന്നിലെത്തിയത് ഒഴിച്ചാൽ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. ഒരാഴ്ചയിലേറെയായി മിക്ക ദിവസങ്ങളിലും ജില്ലയിലെ പകൽ താപനില 35 ഡിഗ്രിയ്ക്ക് മുകളിലാണ്. കുറച്ച് വർഷങ്ങൾക്കു ശേഷം തുലാവർഷ മഴയിൽ കുറവുണ്ടായതിന് പിന്നാലെയാണ് പകൽ താപനിലയും വർദ്ധിച്ചത്. കുടിവെള്ള ക്ഷാമവും കൃഷിയിടങ്ങളിൽ പ്രതിസന്ധിയും ഉന്ന ആശങ്കയിലാണ് കർഷകരും.
രാത്രി തണുപ്പിക്കും, പകൽ പൊള്ളിക്കും
രാത്രിയും പുലർച്ചെയും അതിശക്തമായ തണുപ്പാണ് അനുഭപ്പെടുന്നതെങ്കിൽ, പിന്നീട്, കനത്ത വെയിലാണ് ജില്ലയിൽ. പകൽ പുറത്തിറങ്ങാൻ കഴിയാത്ത വിധമുള്ള ചൂടായതോടെ കുടിവെള്ള ക്ഷാമം പലയിടങ്ങളിലും അനുഭവപ്പെട്ടു തുടങ്ങി. തോടുകളിലെയും ആറുകളിലെയും ജലനിരപ്പും ക്രമാതീതമായി താഴ്ന്നു. ചെറു കാർഷിക വിളകൾ വെയിലിൽ വാടി.ചൂട് വർദ്ധിക്കുന്നത് നെൽക്കൃഷിയെയും പ്രതികൂലമായി ബാധിക്കും.
ആശങ്കയിൽ
തിരുവനന്തപുരം കഴിഞ്ഞാൽ തുലാവർഷ മഴയിൽ കോട്ടയം മുന്നിലാണെങ്കിലും മുൻ വർഷത്തേക്കാൾ കുറഞ്ഞത് കുടിവെള്ള ക്ഷാമം നേരത്തെ ആകാൻ കാരണമായേക്കും. ഇന്നലെ വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ തുലാവർഷ മഴയിൽ രണ്ട് ശതമാനത്തിന്റെ കുറവാണുള്ളത്. ഏതാനും വർഷമായി ഒക്‌ടോബർ, നവംബർ മാസങ്ങളിൽ മഴ ശക്തമായി പെയ്തിരുന്നതിനാൽ തുലാവർഷ മഴ കണക്കിൽ ജില്ല ഏറെ മുന്നിലായിരുന്നു. 2023ൽ 40 ഡിഗ്രി വരെ പകൽ താപനില എത്തിയിരുന്നു. എന്നാൽ, ജനുവരി വരെ മഴ പെയ്യുകയും മാർച്ചിൽ വേനൽ മഴ ആരംഭിക്കുകയും ചെയ്തതിനാൽ വലിയ വരൾച്ച ഉണ്ടായിരുന്നില്ല. പുതുവർഷാരംഭത്തിൽ മഴ പ്രവചനമുണ്ടെങ്കിലും ശക്തമായി പെയ്യുമെന്ന് മുന്നറിയിപ്പില്ലാത്തത് വരൾച്ചയ്ക്ക് കാരണമായേക്കും
താപനില
(കോട്ടയം കഴിഞ്ഞ ദിവസങ്ങളിൽ)
ഞായർ: 35.5
ശനി: 34.5
വെള്ളി: 35.2
വ്യാഴം: 35.5
ബുധൻ: 35.5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |