
തിരുപ്പൂർ: ബി.ജെ.പി സ്ത്രീ ശാക്തീകരണ വിരുദ്ധരാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് അധികാരം ലഭിക്കുന്നത് തടയുകയാണ് മോദി സർക്കാർ. തിരുപ്പൂർ പല്ലടത്ത് ഡി.എം.കെ വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനാവശ്യ വ്യവസ്ഥകളോടെയാണ് പാസാക്കിയത്. ഇതെപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് പറയാനാകില്ല. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് അധികാരം ലഭിക്കണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ പേരിന് മാത്രം ബിൽ പാസാക്കുകയും സമയം പാഴാക്കുകയും ചെയ്യുന്നത്.
കരുണാനിധിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കിയത്. പിന്നീടത് 50 ശതമാനമായി ഉയർത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾ നേടിയ അധികാരം പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും വ്യാപിപ്പിക്കണം. അതാണ് ഡി.എം.കെയുടെ ലക്ഷ്യം, അതുകൊണ്ടാണ് 33 ശതമാനം സംവരണത്തിനായി ഞങ്ങൾ പോരാടുന്നത്. ഈ ആവശ്യം ഉന്നയിക്കാൻ പാർട്ടിയുടെ വനിതാ വിഭാഗം 2017 ൽ ദേശീയ തലസ്ഥാനത്ത് ഒരു പ്രതിഷേധം നടത്തിയിരുന്നു, എന്റെ സഹോദരി കനിമൊഴി പാർലമെന്റിൽ തമിഴ്നാടിന്റെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ ശബ്ദമായി- അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ ചിലയിടത്ത് സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കുന്നതായി കേട്ടു. ഇന്ന് തമിഴ്നാട്ടിലെ സ്ത്രീകൾ ആപ്പിൾ ഫോണുകളാണ് ഉപയോഗിക്കുന്നത്. പെൺകരുത്തിൽ ഡി.എം.കെ സർക്കാരിന് ഭരണത്തുടർച്ച കിട്ടുമെന്നും സ്റ്റാലിൻ പറഞ്ഞു.
കനിമൊഴി എം.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നീലഗിരി എന്നിവയുൾപ്പെടെ പടിഞ്ഞാറൻ ജില്ലകളിൽ നിന്നുള്ള 1.5 ലക്ഷത്തിലധികം വനിതാ പ്രവർത്തകർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |