SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.17 PM IST

ഭിന്നശേഷി സർട്ടിഫിക്കറ്റിന് അപേക്ഷകരുടെ നെട്ടോട്ടം കെട്ടിക്കിടക്കുന്നത് 36,000 അപേക്ഷ

Increase Font Size Decrease Font Size Print Page
handicaped

മലപ്പുറം: ഭിന്നശേഷിക്കാരുടെ ഏകീകൃത തിരിച്ചറിയൽ കാർഡിനും (യു.ഡി.ഐ.ഡി) ഡിസബിലിറ്റി സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിൽ ആരോഗ്യ വകുപ്പിൽ മെല്ലെപ്പോക്ക്. 25,446 അപേക്ഷകൾ ആറു മാസമായും 10,688 അപേക്ഷകൾ മൂന്നു മാസമായും കെട്ടിക്കിടക്കുന്നു. ആകെ ലഭിച്ചത് 40,768 അപേക്ഷകൾ. തിരിച്ചറിയൽ കാർഡില്ലെങ്കിൽ സർക്കാരിന്റെ ചികിത്സാ സഹായവും പെൻഷനുമുൾപ്പെടെ ഭിന്നശേഷിക്കാർക്ക് ലഭിക്കില്ല.

സർക്കാർ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ കുറവുകാരണം മെഡിക്കൽ ബോർഡ് യഥാസമയം ചേരാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓർത്തോ, സൈക്യാട്രി, ഇ.എൻ.ടി, ജനറൽ ഫിസിഷ്യൻസ് ഉൾപ്പെട്ട മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ചാണ് യു.ഡി.ഐ.ഡി കാർഡും ഡിസബിലിറ്റി സർട്ടിഫിക്കറ്റും നൽകുക. എല്ലാ മാസവും ബോർഡ് ചേരണമെന്നാണ് ചട്ടമെങ്കിലും മാസങ്ങളായി ചേരാത്ത ആശുപത്രികളുമുണ്ട്. പരിശോധന കഴിഞ്ഞ് മൂന്നാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ.

111 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്. ഓരോയിടത്തും 300 മുതൽ 500 വരെ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. രോഗികളുടെ ബാഹുല്യംമൂലം അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കാനാവുന്നില്ലെന്നും കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം.

സഹായങ്ങൾ മുടങ്ങും

ചികിത്സാരേഖകൾ, റേഷൻ കാർഡ്, ആധാർ എന്നിവയാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ വേണ്ടത്. സർക്കാർ, സന്നദ്ധ സംഘടനകളുടെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുമ്പോൾ മെഡിക്കൽ ബോർ‌ഡിന്റെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്. തൊഴിൽ സംവരണം, ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റ് വേണം.

ക്യാമ്പുകളും നടന്നില്ല

അപേക്ഷകൾ ഒന്നിച്ച് തീർപ്പാക്കുന്നതിന് ആരോഗ്യ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് മെഗാ ക്യാമ്പുകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചെങ്കിലും ഇതിനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. സർക്കാർ ആശുപത്രികളിലെ സ്പെഷലിസ്റ്റുകളെ മാത്രം ആശ്രയിച്ച് നിലവിലെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുക പ്രായോഗികമല്ല. മെഡിക്കൽ ബോർഡുകളിൽ സ്വകാര്യ സ്പെഷലിസ്റ്റ് ഡോക്ടർമാരെ കൂടി ഉൾപ്പെടുത്താൻ ആലോചന ഉയർ‌ന്നെങ്കിലും പ്രതിഫലം ഉൾപ്പെടെ അധിക ബാദ്ധ്യത ചൂണ്ടിക്കാട്ടപ്പെട്ടതോടെ ഇതു മുന്നോട്ടുപോയില്ല.


തീർപ്പാക്കാനുള്ള

അപേക്ഷകൾ

(ജില്ലകളിൽ)

തിരുവനന്തപുരം........................................3,709

കൊല്ലം.........................................................2,562

ആലപ്പുഴ......................................................1,785

കോട്ടയം......................................................2,357

ഇടുക്കി........................................................2,353

പത്തനംതിട്ട..............................................1,012

എറണാകുളം............................................2,532

തൃശൂർ.......................................................3,561

പാലക്കാട്..................................................4,261

മലപ്പുറം.....................................................4,866

കോഴിക്കോട്.............................................7,334

വയനാട്.....................................................404

കണ്ണൂർ.......................................................1,833

കാസർകോട്.............................................2,199

TAGS: HANDICAPED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY