SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

ശബരിമല യുവതീപ്രവേശനം; ഒൻപതംഗ ബെഞ്ച് രൂപീകരിക്കാൻ സാദ്ധ്യത തേടി സുപ്രീംകോടതി

Increase Font Size Decrease Font Size Print Page
sabarimala

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയം ഉൾപ്പടെ പരിഗണിക്കാൻ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സാദ്ധ്യത തേടി സുപ്രീംകോടതി. വിഷയം പരിഗണനയിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും, മതാചാരങ്ങളിൽ കോടതി ഇടപെട്ട് ലിംഗ സമത്വം ഉറപ്പാക്കണോ എന്നീ വിഷയങ്ങളിൽ സുപ്രധാന തീർപ്പ് ഉണ്ടാകാനാണ് സാദ്ധ്യത. എന്നാൽ ബെഞ്ച് എപ്പോൾ മുതൽ വാദം കേട്ടുതുടങ്ങുമെന്ന് വ്യക്തമല്ല. ശബരിമല യുവതീപ്രവേശത്തിന് പുറമെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പടെയുള്ളവ ഒൻപതംഗ ബെഞ്ച് പരിഗണിക്കും. യുവതീപ്രവേശന വിഷയം പരിഗണിക്കാൻ 2019ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിൽ ഒൻപതംഗ ബെഞ്ച് രൂപീകരിച്ചിരുന്നു.

2020 ജനുവരി 13ന് വിശാല ബെഞ്ചിൽ വാദം തുടങ്ങിയെങ്കിലും ബെഞ്ചിലുണ്ടായിരുന്ന ഗവായിയും സൂര്യകാന്തും ഒഴികെ മറ്റു ഏഴുപേരും വിരമിച്ചു. ഒൻപതംഗ ബെഞ്ച് പുനഃസംഘടിപ്പിച്ച് വാദം കേൾക്കാൻ ഗവായ് തയ്യാറായില്ല. സൂര്യകാന്ത് ചീഫ് ജസ്റ്റിസ് ആയതോടെ ബെഞ്ച് വീണ്ടും സജീവമാകാനാണ് സാദ്ധ്യത.

2018 സെപ്‌തംബർ 28നാണ് ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പിന്നീട് വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു. 1990ൽ എസ് മഹേന്ദ്രൻ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച ഒരു കത്ത് പൊതുതാൽപര്യ ഹർജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയം കോടതി കയറിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, SABARIMALA, WOMENS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY