
കയ്പമംഗലം: സാമൂഹികമാദ്ധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പടർത്തുന്ന വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച അസം സ്വദേശി കയ്പമംഗലത്ത് പിടിയിൽ. അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാമാണ് (25) അറസ്റ്റിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ചെന്ത്രാപ്പിന്നി ചിറയ്ക്കൽ പള്ളി സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള 'ഉപഹാര കമ്പനി' എന്ന പന്തൽ വർക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് റോഷിദുൾ ഇസ്ലാം.
അബ്ദുൾ സഗീറിന്റെ വീടിനോട് ചേർന്നുള്ള ഗോഡൗണിന് മുകളിലായി കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ താമസിച്ചു വരികയാണ്. ഇയാൾക്കൊപ്പം മറ്റ് നാല് അസം സ്വദേശികളും ഇവിടെയുണ്ട്. ബംഗ്ലാദേശിലുള്ള തന്റെ അമ്മാവനുമായി ഫോൺ വഴിയും, പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫേസ്ബുക്ക് മെസഞ്ചർ മുഖേനയും റോഷിദുൾ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും എ.കെ 47 തോക്കുകൾ വാങ്ങാൻ ശ്രമിച്ചതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിലെ വർഗീയ കൊലപാതകങ്ങളെ പിന്തുണയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രചരിപ്പിച്ചിരുന്നതായും കണ്ടെത്തി. ഇയാളുടെ വിദേശ ബന്ധങ്ങളെക്കുറിച്ചും ലഹളയുണ്ടാക്കാനുള്ള പ്രകോപനപരമായ നീക്കങ്ങളെക്കുറിച്ചും പൊലീസ് വിശദാന്വേഷണം നടത്തിവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |