
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഉജ്ജ്വലമായ വിജയമായിരുന്നു എല്ലാവരും പ്രതീക്ഷിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആ വിചാരം വെറുമൊരു തോന്നലായിരുന്നില്ല. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ നീണ്ടുപരന്നുകിടക്കുന്നതാണ്. അതെല്ലാം കാണുമ്പോൾ ജനങ്ങളുടെ വോട്ട് എൽഡിഎഫിന്റെ വിജയത്തിനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷയല്ല നടന്നതെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പരാജയം പുത്തരിയല്ല. പരാജയപ്പെട്ടാൽ അതോടുകൂടി എല്ലാം അവസാനിച്ചുവെന്ന് കരുതുന്നില്ല. ചരിത്രം ആർക്കെങ്കിലും വേണ്ടി അവസാനിക്കുന്നില്ല. ചരിത്രം കേരളത്തിലും മുന്നോട്ട് പോകും. പരാജയത്തെ ചരിത്രത്തിന്റെ അവസാനമായല്ല, മറിച്ച് കാലത്തിന്റെ തീരുമാനമായാണ് കാണുന്നത്. ജനങ്ങൾ തന്ന മുന്നറിയിപ്പായും കാണുന്നു. എല്ലാത്തിനെയുകാൾ വലിയവർ ജനങ്ങളാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കറിയാം,.
ജനങ്ങളുടെ വിധിയെഴുത്തിനെ തലതാഴ്‌ത്തിപ്പിടിച്ച് അംഗീകരിക്കും. എന്തുകൊണ്ട് ജനവിധി ഇങ്ങനെയായെന്ന് സ്വയം ചോദിക്കും. കാരണം കണ്ടുപിടിച്ചുകഴിഞ്ഞ് തെറ്റുകൾ കണ്ടെത്തിയാൽ അത് തിരുത്തും. ഈ ആർജ്ജവം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമാണുള്ളത്. വീഴ്‌ചയിൽ നിന്ന് തിരിച്ചുവരികയും മുന്നോട്ട് പോവുകയും ചെയ്യും. ഈ പാഠങ്ങൾ പഠിച്ചുകൊണ്ട് മുന്നോട്ടുപോകുമ്പോൾ എൽഡിഎഫിന്റെ മൂന്നാമൂഴം ഉറപ്പാണ്. ഇതിന്റെ ഭാഗമായി പ്രക്ഷോഭങ്ങൾ, സമരങ്ങൾ, സംഘടനാപ്രവർത്തനങ്ങൾ പാർട്ടി പ്ളാൻ ചെയ്തിട്ടുണ്ട്.
ഗ്രാമീണ ജീവിതങ്ങൾക്ക് പ്രതീക്ഷയേകിയ തൊഴിലുറപ്പ് പദ്ധതി ബിജെപി സർക്കാർ തകർത്തു. ഗോഡ്‌സെയ്ക്ക് വേണ്ടി അതിനെ കൊന്നു. ശബരിമലയിലെ സ്വത്തിനെ എല്ലാ ആദരപൂർവ്വവും കാണേണ്ടതാണ്. ആ സ്വത്ത് അപഹരിച്ച ആരായാലും അവരോട് വിട്ടുവീഴ്‌ചയില്ല എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാട്. കുറ്റക്കാർ ശിക്ഷിക്കപ്പെടണം'- ബിനോയ് വിശ്വം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |