മണ്ണാർക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റെന്ന് ഉറപ്പിച്ചതോടെ മണ്ണാർക്കാട് നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നേരെ പോയത് ബി.ജെ.പിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24ാം വാർഡിലെ നമ്പിയംപടിയിലെ സ്ഥാനാർത്ഥി അഞ്ജു സന്ദീപാണ് ബി.ജെ.പിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു അഞ്ജു സന്ദീപ് മത്സരിച്ചത്.
കാരാകുറുശ്ശി പഞ്ചായത്തിൽ 6ാം വാർഡിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഹ്ലാദ റാലിയിലാണ് അഞ്ജു സന്ദീപ് പങ്കെടുത്തത്. റാലിയിൽ പങ്കെടുത്ത അഞ്ജു ചുവടുവയ്ക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നു. 30 വാർഡുള്ള നഗരസഭയിൽ എട്ട് ഇടത്ത് മാത്രമാണ് സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. അതിൽ ഒരു വാർഡാണ് നമ്പിയം പടി. യു.ഡി.എഫിന്റെ ഷീജ രമേശാണ് നഗരസഭയിൽ നമ്പിയം പടിയിൽ വിജയിച്ചത്.
എന്നാൽ ബി.ജെ.പി സ്ഥാനാർത്ഥിയായ സ്‌നേഹ തന്റെ അടുത്ത സുഹൃത്തായതിനാലാണ് വിജയാഘോഷത്തിൽ പങ്കെടുത്തത് എന്നാണ് അഞ്ജുവിന്റെ വിശദീകരണം. താൻ ഇപ്പോഴും സി.പി.എമ്മാണെന്നും ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും അഞ്ജു പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |