
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുടവൻമുഗളിലെ വീട്ടിലെത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്. വർക്കല ശിവഗിരിയിലെ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തതിനുശേഷമാണ് മുഖ്യമന്ത്രി മോഹൻലാലിന്റെ വസതിയിലെത്തിയത്.
എ എ റഹീം എം പി, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി ആന്റണി രാജു തുടങ്ങിയവരും മുടവൻമുഗളിലെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. സംവിധായകന്മാരായ മേജർ രവി, പ്രിയദർശൻ, ബി ഉണ്ണികൃഷ്ണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വസതിയിലുണ്ട്. സിനിമാതാരങ്ങളായ സോന നായർ, ജോജു ജോർജ്, ഗായകൻ എം ജി ശ്രീകുമാർ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ജി. ശാന്തകുമാരി (90) ഇന്നലെയാണ് നിര്യാതയായത്. എളമക്കരയിലെ മോഹൻലാലിന്റെ വസതിയായ 'ശ്രീഗണേഷി"ൽ ഇന്നലെ ഉച്ചയ്‌ക്ക് 1.35നായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ടു വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
മരണസമയത്ത് മോഹൻലാൽ, ഭാര്യ സുചിത്ര മോഹൻലാൽ, മകൾ വിസ്‌മയ മോഹൻലാൽ എന്നിവർ അരികിലുണ്ടായിരുന്നു. പരേതനായ പ്യാരേലാലാണ് മറ്റൊരു മകൻ. മറ്റുചെറുമക്കൾ: നീരജ് പ്യാരേലാൽ, പ്രണവ് മോഹൻലാൽ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മുടവൻമുഗളിലെ വീട്ടുവളപ്പിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |