
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് മൊഴി രേഖപ്പെടുത്തുന്നത്.
സോണിയാ ഗാന്ധിയുടെ ഒപ്പം പോറ്റി നിൽക്കുന്ന ചിത്രത്തിൽ അടൂർ പ്രകാശും ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യുന്നത്. അടൂർ പ്രകാശിന്റെ ഡൽഹി യാത്രയിലും അന്വേഷണം നടത്തും. ഇന്ന് പോറ്റിയെ എസ്ഐടി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. അപ്പോൾ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് വ്യക്തത തേടുമെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്തത്. ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്. 2019ൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയെ ശനിയാഴ്ച രാവിലെ 11ന് രഹസ്യകേന്ദ്രത്തിൽ വിളിച്ചുവരുത്തിയാണ് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തത്. ഇപ്പോൾ കഴക്കൂട്ടം എംഎൽഎയും സിപിഎം സംസ്ഥാനകമ്മിറ്റിയംഗവുമാണ് കടകംപള്ളി. മൂന്നുമാസമായി തുടരുന്ന എസ്ഐടിയുടെ അന്വേഷണം സർക്കാരിലേക്ക് നീളുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, സ്വർണക്കൊള്ളയെക്കുറിച്ചുള്ള അറിവ്, ഏതെങ്കിലും തരത്തിൽ അതിൽ ഇടപെട്ടോ തുടങ്ങിയ ചോദ്യങ്ങളാണ് എസ്ഐടി ഉന്നയിച്ചത്. ശബരിമലയിലെ സ്‌പോൺസറെന്ന നിലയിലടക്കം പോറ്റിയെ അറിയാമെങ്കിലും സ്വർണക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന നിലപാടിൽ കടകംപള്ളി ഉറച്ചുനിന്നു. പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കടകംപള്ളി നൽകിയ മറുപടിയിൽ അവ്യക്തതയുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നുമാണ് എസ്.ഐ.ടി നൽകുന്ന സൂചന. പോറ്റിക്ക് സഹായം ചെയ്യാൻ അപേക്ഷയ്ക്ക് മുകളിലെഴുതിയത് സാധാരണ നടപടിക്രമമാണോയെന്നും എസ്.ഐ.ടിക്ക് സംശയമുണ്ട്. പോറ്റിയുമായുള്ള സാമ്പത്തികയിടപാടുകളെക്കുറിച്ചും അവ്യക്തതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |