
കൊച്ചി: ആഭ്യന്തര ഉപഭോഗത്തിന്റെയും കയറ്റുമതിയുടെയും കരുത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ജപ്പാനെ മറികടന്ന് ജി.ഡി.പി വലിപ്പത്തിൽ ഇന്ത്യ നാലാമതെത്തിയെന്ന് കേന്ദ്ര സർക്കാരിന്റെ വർഷാന്ത സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കി. 2030ൽ ജർമ്മനിയെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ ശക്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
2026 പകുതിയോടെ രാജ്യാന്തര നാണയ നിധിയുടെ(ഐ.എം.എഫ്) കണക്കുകൾ പുറത്തുവരും. ഇതോടെ അന്തിമ പ്രഖ്യാപനമുണ്ടാകും.
നിലവിൽ ഇന്ത്യൻ ജി.ഡി.പിയുടെ വലുപ്പം 4.18 ലക്ഷം കോടി ഡോളറാണ്. മൂന്ന് വർഷത്തിനുള്ളിൽ ജി.ഡി.പി മൂല്യം 7.3 ലക്ഷം കോടി ഡോളറെത്തുന്നതോടെ ജർമ്മനിയെ മറികടക്കാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിരവധി വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച വളർച്ച നേടുന്ന രാജ്യമാണ് ഇന്ത്യ. പത്ത് വർഷത്തിനിടെ ജി.ഡി.പി മൂല്യം രണ്ടിരട്ടിയായി ഉയർന്നു.
ഉയർന്ന വളർച്ച, കുറഞ്ഞ നാണയപ്പെരുപ്പം
നടപ്പുവർഷം ജനുവരി മുതൽ മാർച്ച് വരെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) 7.4 ശതമാനം വളർച്ച നേടി. ഏപ്രിൽ മുതൽ ജൂൺ വരെ വളർച്ച 7.8 ശതമാനമായി ഉയർന്നു. ജൂലായ് മുതൽ സെപ്തംബർ വരെ 8.2 ശതമാനം വളർച്ചയുമായി നില മെച്ചപ്പെടുത്തി. സാമ്പത്തിക മേഖല മികച്ച വളർച്ച നേടുമ്പോഴും നാണയപ്പെരുപ്പം കുറഞ്ഞ തലത്തിൽ തുടരുന്നതാണ് ഇന്ത്യയുടെ ശക്തി. തൊഴിലില്ലായ്മ നിരക്ക് കുറയുന്നതും കയറ്റുമതി സ്ഥിരതയോടെ നീങ്ങുന്നതും അനുകൂല ഘടകമാണ്. കോർപ്പറേറ്റ്, ബിസിനസ് മേഖലയ്ക്ക് വളർച്ചയ്ക്ക് ആവശ്യമായ പണം ലഭ്യമാക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുന്നോറ്റത്തിന് ആവേശം പകരുന്നു.
അനുകൂല ഘടകങ്ങൾ
1. ആഭ്യന്തര ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടായ മികച്ച ഉണർവ്
2. ടെലികോം, വാഹന, ഇലക്ട്രോണിക്‌സ് മേഖലകളിലെ വിദേശ നിക്ഷേപ ഒഴുക്ക്
3. കാലവർഷ ലഭ്യതയുടെ കരുത്തിൽ കാർഷിക, ഗ്രാമീണ മേഖലകളിലെ ഉണർവ്
4. ആഗോള തീരുവ പ്രതിസന്ധി മറികടന്ന് കയറ്റുമതിയിലുണ്ടായ വർദ്ധന
ജി.ഡി.പിയിലെ മുൻനിരക്കാർ
രാജ്യം - ജി.ഡി.പി മൂല്യം
അമേരിക്ക - 30.62 ലക്ഷം കോടി ഡോളർ
ചൈന - 19.4 ലക്ഷം കോടി ഡോളർ
ജർമ്മനി - 5.01 ലക്ഷം കോടി ഡോളർ
ഇന്ത്യ - 4.18 ലക്ഷം കോടി ഡോളർ
ജപ്പാൻ - 4.17 ലക്ഷം കോടി ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |