
തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി ലോകം പുതുവർഷത്തെ വരവേറ്റപ്പോൾ,ആട്ടവും പാട്ടുമായി ആഘോഷത്തിമർപ്പാക്കി കേരളവും. രാത്രി 12ഓടെ ആകാശത്ത് പൂത്തിരിവർണം വിതറിയപ്പോൾ നാടും നഗരവും ആർത്തുവിളിച്ചു, 'ഹാപ്പി ന്യൂ ഇയർ'.
തലസ്ഥാനത്ത് മാനവീയം വീഥി,കനകക്കുന്ന് കൊട്ടാരം,ശംഖുംമുഖം,കോവളം ബീച്ചുകൾ,വിവിധ ക്ലബുകൾ,ഹോട്ടലുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിവിധ ആഘോഷങ്ങൾ അലതല്ലി. കോവളത്ത് വിദേശികളും ഉത്തരേന്ത്യൻ സ്വദേശികളും അടക്കമുള്ളവർ തീരം നിറഞ്ഞുനിന്നാണ് പുതുവർഷത്തെ വരവേറ്റത്.
സ്വകാര്യ ഹോട്ടലുകളിൽ നിന്നുയർന്ന ചെണ്ടമേളത്തിന്റെയും നാസിക് ബാന്റുകളുടെയും താളത്തിൽ തീരത്തുണ്ടായിരുന്നവർ നൃത്തം ചവിട്ടി. ട്രിവാൻഡ്രം ക്ലബ്,ശ്രീമൂലം ക്ലബ്,വിവിധ ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ ഡി.ജെ പാർട്ടികൾ അരങ്ങേറി. ആഘോഷങ്ങൾ കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.12 വരെ ബാറുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പരിശോധന ശക്തമാക്കിയിരുന്നു.എക്സൈസ്,മോട്ടോർ വാഹന വകുപ്പ്,പൊലീസ് എന്നിവ സംയുക്തമായി വാഹന പരിശോധനകളും നടത്തി.
കൊച്ചിയിൽ പ്രധാന കേന്ദ്രങ്ങളായ ഫോർട്ടുകൊച്ചി, വെളി മൈതാനം, പള്ളുരുത്തി, തൃക്കാക്കര, പുതുവൈപ്പ് ബീച്ച്, ചെറായി ബീച്ച്, മലയാറ്റൂർ എന്നിവിടങ്ങളിൽ ആളുകൾ ആഘോഷത്തിൽ മതിമറന്നു. ഫോർട്ടുകൊച്ചിയിൽ ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. തൃക്കാക്കരയിലും ആഘോഷം പൊടിപൊടിച്ചു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ പുതുവത്സരാഘോഷരാവിന്റെ ഭാഗമായി. ഇത്തവണ പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും പടുകൂറ്റൻ പാപ്പാഞ്ഞികളെയാണ് അഗ്നിക്കിരയാക്കിയത്. കൃത്യം 12 മണിക്ക് തിരികൊളുത്തി. ഹർഷാരവങ്ങൾക്കൊപ്പം ഹാപ്പി ന്യൂ ഇയർ വിളികളും മുഴങ്ങി.
കഴിഞ്ഞവർഷത്തെ അപകടസാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലായിരുന്നു ഇത്തവണ ആഘോഷം. ഫോർട്ടുകൊച്ചിയിൽ മാത്രം 28 ഇൻസ്പെക്ടർമാരും 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിരുന്നു. സുരക്ഷ മുൻനിറുത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിംഗ് നിരോധിച്ചിരുന്നു. ഉച്ചയ്ക്ക് 2ന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിട്ടില്ല. റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നതും പൊലീസ് വിലക്കി. വൈകിട്ട് നാല് മുതൽ ഫോർട്ടുകൊച്ചിയിലേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |