
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലെല്ലാം കർശന ഗതാഗത നിയന്ത്രണങ്ങളേർപ്പെടുത്തി പൊലീസ്. തലസ്ഥാനത്ത് കോവളം, വർക്കല ബീച്ചുകൾ മുതൽ നഗരത്തിലെ ആഢംബര ഹോട്ടലുകൾവരെ നീളുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിന് സമാനമായി ഇത്തവണ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി പത്ത് കലാകാരന്മാർ ചേർന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്.
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വൈകുന്നേരം ആറുമണി മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ കാർണിവൽ ആഘോഷങ്ങൾക്ക് സുരക്ഷയൊരുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. റെഡ് സോണിൽ ഡ്രോൺ ഉപയോഗിച്ചാൽ നടപടി എടുക്കുമെന്നും പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ സാധാരണ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്. അതേസമയം, പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക.
പൊലീസ് നൽകുന്ന അറിയിപ്പ്
1.സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തരുത്.
2. ആഘോഷങ്ങൾ മതിയായ വെളിച്ചത്തോടുകൂടി മാത്രമേ നടത്തുവാൻ പാടുള്ളു. ഇത് പരിപാടി നടത്തുന്ന സംഘാടകർ ഉറപ്പുവരുത്തണം.
3. ബാർ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, റിസോർട്ടുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡി.ജെ പാർട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം.
4. പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ലൈസൻസ് (എഫ്.എൽ.6) എടുക്കണം.
5. കാർ/ബൈക്ക് റേസിംഗ് നടത്തുന്നതും പൊതു സ്ഥലങ്ങളിൽ പരസ്യമായി മദ്യപിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും തടയുന്നതിന് ശക്തമായ നടപടികളുണ്ടാകും
6, ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും.
7. അനിഷ്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അടുത്തുളള പൊലീസ് സ്റ്റേഷനിലോ കേരളാ പൊലീസിന്റെ ടോൾ-ഫ്രീ (112,1515) വിളിക്കുക.
8. തിക്കും തിരക്കും കാരണം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അത്തരം അടിയന്തിര സാഹചര്യം നേരിടുന്നതനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ വരുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |