SignIn
Kerala Kaumudi Online
Wednesday, 07 January 2026 11.41 AM IST

പുതുവർഷ പ്രതിജ്ഞയിൽ വേണം സ്വയംപര്യാപ്തതയുടെ സന്ദേശം

Increase Font Size Decrease Font Size Print Page
sa

#കേരളം പരാശ്രയ സംസ്ഥാനമാണ്. ഉപഭോക്തൃ സംസ്ഥാനമെന്ന് ആലങ്കാരികമായി പറയും. എന്തിനു മേതിനും ഇതര നാടുകളെ ആശ്രയിച്ച് ആശ്രയിച്ച് നമ്മൾ നിലയില്ലാ കയത്തിന്റെ വക്കിലാണ്. ഭക്ഷ്യോൽപാദനം പോലുള്ള അടിസ്ഥാന കാര്യങ്ങളിലെങ്കിലും സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. അതിനുള്ള കർമ്മപദ്ധതികൾ ഇനിയും വൈകരുത്. പുതുവർഷ പ്രതിജ്ഞയിൽ അതുകൂടി ഉൾപ്പെടണം. സർക്കാർ മാത്രമല്ല, ജനങ്ങളും. #

എല്ലാ മഴക്കാലത്തും ഉടലെടുക്കുന്ന പ്രശ്നമുണ്ട്, മുല്ലപ്പെരിയാറിന്റെ സുരക്ഷ. ഡാമിലെ ജലനിരപ്പ് ഉയരുമ്പോൾ ചങ്കിടിക്കും. ഡാം ബലപ്പെടുത്താത്തതിന് കേരളം തമിഴ്നാടിനെ പഴി പറയും. വെളളം മുട്ടിക്കാനാണ് ശ്രമമെന്ന് തമിഴ്നാട് തിരിച്ചടിക്കും. ജലനിരപ്പ് താഴുമ്പോൾ മലയാളികൾ ആശ്വസിക്കും. 'അവർ വെള്ളം കൊണ്ടു പോട്ടെ. അവിടെ കൃഷിയില്ലെങ്കിൽ ഇവിടേയ്ക്ക് പച്ചക്കറികൾ എത്തില്ലല്ലോ " എന്ന് കൂട്ടിച്ചേർക്കും. തമിഴ്നാട്ടിൽ കൃഷിമുടങ്ങിയാൽ കേരളത്തിന് അന്നംമുട്ടും. ആന്ധ്രയിൽ വരൾച്ചയോ പ്രളയമോ ഉണ്ടായാലും ഇവിടെ ആധിയാണ്. അരി വരവ് കറയും. വിലക്കയറ്റുണ്ടാകും. വില കയറിയാൽ പിന്നെ കുറയാൻ പാടാണ്. അത്തരമൊരു വിലക്കയറ്റത്തിന്റെ അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. കേരളത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഏറെക്കുറെ ഇവിടെ തന്നെ ഉൽപ്പാദിപ്പിച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നു. നെൽക്കൃഷിയും നാളികേരവും വെളിച്ചെണ്ണയും കപ്പയും ചേനയുമെല്ലാം സമൃദ്ധമായിരുന്ന കാലം. എന്നാൽ ജനപ്പെരുപ്പവും പാർപ്പിടവത്ക്കക്കരണവും കാരണം കൃഷിഭൂമികൾ ഇല്ലാതായി. കൃഷി ലാഭകരമല്ലാതായി. മണ്ണിലിറങ്ങാൻ മടിയായി. കാശു കൊടുത്താൽ കടയിൽ കിട്ടുമല്ലോ എന്നതായി ചിന്ത. ഓണപ്പൂക്കളും കണി വെളളരിയും പാലും പഴവും മുട്ടയും ഇറച്ചിയുമെല്ലാം പുറത്തു നിന്ന് എത്തേണ്ട സ്ഥിതിയാണ്. കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരമായിരുന്ന തേങ്ങയും വെളിച്ചെണ്ണയുമെല്ലാം ഇപ്പോൾ അന്യമായിക്കൊണ്ടിരിക്കുന്നു. കൃഷിയും പരമ്പരാഗത രീതികളും തുടരുന്ന ചെറു ന്യൂനപക്ഷം കേരളത്തിലുണ്ട്. വൈറ്റ്കോളർ ജോലി വലിച്ചെറിഞ്ഞ് മണ്ണിലിറക്കിയ ചുരുക്കം ആളുകളുമുണ്ട്. അവരുടെ സേവനം വിസ്മരിക്കുന്നില്ല. എന്നാൽ കേരളത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണുന്നില്ല. മനോഭാവത്തിലാണ് പ്രധാന പ്രശ്നം. തുടങ്ങിയത് പലതും പാതിവഴിയിലാണ്. ഭക്ഷ്യോൽപാദനത്തിൽ സ്വന്തം കാലിൽ നിൽക്കുന്നതിനായി ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. തരിശ് കിടക്കുന്ന നിലങ്ങൾ കൃഷിയോഗ്യമാക്കുക, ടെറസിലെ കൃഷി പ്രോത്സാഹിപ്പിക്കുക, സീസൺ കഴിഞ്ഞാൽ പാഴാകുന്ന ചക്കയും മാങ്ങയും മറ്റും സംസ്ക്കരിക്കുക എന്നിങ്ങനെ. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇടക്കാലത്ത് ജനങ്ങളിലും ഒരു പുനർചിന്തമുണ്ടായി. കൊവിഡ് ലോക്ഡൗണിൽ ഭക്ഷ്യവസ്തുക്കളുടെ വരവ് തടസപ്പെട്ടതോടെ പലരും അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ വീണ്ടും എല്ലാം പഴയപടിയായി.

ഭരണതലത്തിലും പ്രതിസന്ധികൾ

സ്വയം പര്യാപ്തത കൃഷിയുടെ കാര്യത്തിൽ മാത്രം പോര. കാരണം കേരളത്തിലെ ഭരണതലത്തിൽ മുമ്പില്ലാത്ത പ്രതിസന്ധി നിലനിൽക്കുകയാണ്. സാമ്പത്തിക പ്രയാസമുണ്ടായാൽ മുമ്പ് കേന്ദ്രത്തിന് മുന്നിൽ കൈ നീട്ടാമായിരുന്നു. അല്ലെങ്കിൽ ഏതെങ്കിലും രാജ്യാന്തര ഏജൻസിയിൽ നിന്ന് പലിശയ്ക്ക് കടമെടുക്കാമായിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്ര വിഹിതം ഗണ്യമായി കുറച്ചു. കടമെടുപ്പ് പരിധിയും കുറച്ചു. ജി.എസ്.ടി നയവ്യതിയാനവും തിരിച്ചടിയായി. നികുതി വരുമാനം ശമ്പളത്തിനും പെൻഷനും പോലും തികയാത്ത അവസ്ഥ. വികസന പ്രവർത്തനങ്ങൾ തുടങ്ങിയാൽ തീർക്കാനാകാത്ത അവസ്ഥ. അതിനാൽ തനത് വരുമാനം കണ്ടെത്തിയേ പറ്റൂ. സംസ്ഥാനത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്നത് എന്താണെന്ന് ചോദിച്ചാൽ മാലിന്യമാണെന്ന് പറയേണ്ടി വരും. ടൺ കണക്കിന് പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളാണ് ഓരോ മണിക്കൂറിലും പുറം തള്ളുന്നത്. നിയമങ്ങൾ കർശനമാക്കിയതോടെ മാലിന്യം വലിച്ചെറിയുന്നതിന് നേരിയ കുറവ് വന്നിട്ടുണ്ട്. എങ്കിലും മാലിന്യ മുക്ത നവകേരളം എന്ന സങ്കൽപം ഏറെ അകലെയാണ്. ഹരിതകർമ സേനകൾ മാലിന്യം തരം തിരിച്ച് ശേഖരിക്കുന്നുണ്ടെങ്കിലും സംസ്കരണ നടപടികൾ പലയിടങ്ങളിലും കാര്യക്ഷമമല്ല. സർക്കാരിന് ഇക്കാര്യത്തിൽ ഇപ്പോഴും ഭീമമായ തുക ചെലവഴിക്കേണ്ടിയും വരുന്നു. മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന മാതൃക പല രാജ്യങ്ങളിൽ നിന്നും നമ്മൾ പകർത്തിയിട്ടുണ്ടെങ്കിലും ചില നഗരങ്ങളിൽ മാത്രമാണ് നടപ്പായിട്ടുള്ളത്. മലയാളികളുടെ മസ്തിഷ്കം അന്യദേശങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതി തുടരുകയാണ്. പ്രൊഫഷണലുകൾ മറ്റു നാടുകളിലേക്ക് ചേക്കേറാൻ വ്യഗ്രതപ്പെടുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിപുലപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രൊഫഷണലുകളെ ഇവിടെ പിടിച്ചു നിർത്താനുള്ള പദ്ധതികൾ കുറവാണ്. ഉന്നത വിദ്യാഭ്യാസ രംഗവും കഴിഞ്ഞ വർഷം കുത്തഴിഞ്ഞ രീതിയിലായിരുന്നു. താത്കാലിക വൈസ് ചാൻസർമാരെ വച്ചു പോലും സർവകലാശാലകൾ മുന്നോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥ. പ്രശ്നങ്ങൾ ഇപ്പോൾ കലങ്ങി തെളിഞ്ഞിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം തടയൽ, വയോജന പുനരധിവാസം, സൈബർ കുറ്റകൃതങ്ങൾ തടയൽ തുടങ്ങിയ വലിയ വിഷയങ്ങൾ വേറെയുമുണ്ട്. ചെലവുകൾക്കൊപ്പം തനത് വരുമാനവും വർദ്ധിപ്പിച്ചു സ്വയം പര്യാപ്തതയോടെ വേണം ഇനിയെങ്കിലും കേരളം മുന്നോട്ടു പോകാൻ. ഇക്കാര്യത്തിൽ സർക്കാരിനൊപ്പം ജനങ്ങളും കൈകോർക്കണം. 2026 ലെ പുതുവർഷ പ്രതിജ്ഞയിൽ ഓരോരുത്തരും ഇക്കാര്യം കൂടി ഉൾപ്പെടുത്താൻ മറക്കരുത്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.