
ഹൈദരാബാദ്: ക്ഷേത്രത്തിൽ നിന്നും നൽകിയ പ്രസാദത്തിൽ ഒച്ചിനെ കണ്ടെന്ന ദമ്പതികളുടെ ആരോപണത്തിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ആന്ധ്രാപ്രദേശിലെ സിംഹാചലത്തിലുള്ള ശ്രീ വരാഹ ലക്ഷ്‌മിക്ഷേത്രത്തിലാണ് സംഭവം. ഇതേക്കുറിച്ച് ക്ഷേത്രത്തിലെ ജീവനക്കാരെ അറിയിച്ചപ്പോൾ അവർ യാതൊരു വിശദീകരണവും നൽകാതെ പ്രസാദത്തിന്റെ പാക്കറ്റ് തിരികെ വാങ്ങിയതായാണ് ദമ്പതികൾ പറയുന്നത്. പ്രസാദത്തിൽ ഒച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
സംഭവം വിവാദമായതോടെ ക്ഷേത്രത്തിനെ അപകീർത്തിപ്പെടുത്താൻ വ്യാജ ആരോപണങ്ങൾ നടത്തുന്നതായി ക്ഷേത്രഭരണസമിതി പൊലീസിൽ പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൊലീസ് ആരംഭിച്ചു. പ്രസാദം തയ്യാറാക്കുന്ന യന്ത്രങ്ങളുടെ പ്രവർത്തനം, പാചകപ്പുരയിലെ ശുചിത്വം, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു.
'പ്രസാദത്തിൽ നിന്ന് കിട്ടിയതായി പറയുന്ന ഒച്ചിന്റെ പുറംതോട് ഇളകിമാറിയിട്ടില്ല. അത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രസാദം തയ്യാറാക്കുന്ന പ്രക്രിയ പൂർണമായും യന്ത്രസഹായത്തോടെയാണ് നടക്കുന്നത്. അത്തരമൊരു സംവിധാനത്തിൽ ഒരിക്കലും ഒച്ചിന്റെ പുറംതോട് ഇളകി മാറാതിരിക്കില്ല. അതിനാൽ പ്രസാദത്തിന്റെ പാക്കറ്റ് പൊട്ടിച്ചതിന് ശേഷം ഒച്ച് പാക്കറ്റിലേക്ക് പ്രവേശിച്ചതാകാം'-ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസറായിട്ടുള്ള എൻ സുജാത പറയുന്നു. ആ ദിവസം 15000ത്തിലധികം പ്രസാദ പാക്കറ്റുകൾ വിറ്റതായും മറ്റാരും ഇത്തരത്തിൽ പരാതിപ്പെട്ടിട്ടില്ലെന്നും സുജാത വ്യക്തമാക്കി. പ്രസാദം തയ്യാറാക്കുന്ന സ്ഥലങ്ങൾ എല്ലായ്‌പ്പോഴും നിരീക്ഷണത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവം രാഷ്‌ട്രീയവിവാദങ്ങളിലേക്കും വഴിവച്ചു. ഭക്തർക്കെതിരെ കേസ് നൽകുന്നതിന് പകരം സ്വതന്ത്രഗുണനിലവാര പരിശോധന നടത്തണമെന്ന് പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടു. വീഡിയോ പോസ്‌റ്ര് ചെയ്‌ത ദമ്പതികളെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |