
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന അടൂർ പ്രകാശ് എം.പിയുടെ ആരോപണം വസ്തുതാവിരുദ്ധമെന്ന് വ്യക്തമാക്കി സർക്കാർ. വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടാക്കിയ കഥയും ആണെന്ന അടൂർ പ്രകാശിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ നടക്കുന്ന എസ്,ഐ,ടി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതും ഹൈക്കോടതി മുമ്പാകെയാണ്. അതിന്റെ വിവരങ്ങൾ പുറത്തേക്ക് പോകരുതെന്നും കർക്കശമായ കോടതി നിർദ്ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ ഇതിൽ പങ്കാളിത്തമില്ല, തീർത്തും അടിസ്ഥാന രഹിതമായ വ്യാജപ്രചാരണമാണ് അടൂർ പ്രകാശിന്റേതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
അടൂർ പ്രകാശിന്റെ ആരോപണം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വാർത്താസമ്മേളനത്തിൽ നിഷേധിച്ചിരുന്നു. ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ വരുമ്പോൾ ആവശ്യമില്ലാതെ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ് അടൂർ പ്രകാശ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപം ഉന്നയിക്കുക എന്നത് ഒരു സ്വഭാവമാക്കിയിട്ടുള്ളവരുടെ പ്രതികരണങ്ങളക്കുറിച്ച് മറുപടി പറയുന്നതുകൊണ്ടു മാത്രം അത് അവസാനിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |