
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്‌ത രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കുടുംബം. മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുമ്പ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് ചെയ്‌തുകൊണ്ടിരുന്നപ്പോൾ വിറയൽ ഉണ്ടായി രക്തം ഛർദിച്ചുവെന്നും അവർ പറഞ്ഞു.
'ആശുപത്രിയിൽ നിന്ന് വേണ്ട പരിഗണന ലഭിച്ചില്ല. ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തത് വൈകിട്ട് ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ്. പക്ഷേ, വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ഐസിയു ഒഴിവില്ലായിരുന്നു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഇത്രയും ഗുരുതരാവസ്ഥയിലായ ഒരാളെ ഹരിപ്പാട് നിന്ന് വണ്ടാനത്തേക്ക് റഫർ ചെയ്‌തത് ഐസിയു ഒഴിവുണ്ടോ എന്നുപോലും നോക്കാതെയാണ്.
ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചപ്പോൾ വിഷയം അറിയില്ലെന്നായിരുന്നു പ്രതികരണം. ആരോഗ്യമന്ത്രി ഒന്നും അറിയുന്നില്ല. വർഷത്തിൽ ഒരിക്കലെങ്കിലും മന്ത്രി സർക്കാർ ആശുപത്രികളിൽ ഒന്ന് സന്ദർശനം നടത്തണം. മൈക്കിന് മുന്നിൽ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല. ' - രാമചന്ദ്രന്റെ ബന്ധുക്കൾ പറഞ്ഞു.
ഡയാലിസിസിനെത്തുടർന്ന് രണ്ട് രോഗികളാണ് ആശുപത്രിയിൽ മരിച്ചത്. അണുബാധയെത്തുടർന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ഈ മാസം 29ന് 26പേരാണ് ഡയാലിസിസ് ചെയ്‌തത്. ഇതിൽ ആറുപേർക്ക് അസ്വസ്ഥത ഉണ്ടായി എന്നാണ് വിവരം. രോഗികളിൽ രണ്ടുപേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു.
കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ അവ അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. വീണ്ടും വിദഗ്ദ്ധ പരിശോധന നടത്തുമെന്നും ഡോ. അരുൺ ജേക്കബ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |