
നിത്യയൗവനത്തിന് ഔഷധങ്ങളില്ല. വാർദ്ധക്യം ഒരു യാഥാർത്ഥ്യമാണ്. കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടുന്നതാണ് സമൂഹം. യുവജനങ്ങൾ നാടുവിടുമ്പോൾ കേരളത്തിൽ വയോ ജനസംഖ്യ അനുദിനം വളരുകയാണ്. പ്രായമായവർ മുമ്പേ നടന്നവരാണ്. കൈപിടിച്ച് വളർത്തിയവരാണ്. തിരക്കുകൾക്കിടയിൽ അവർ ഒറ്റപ്പെടാൻ ഇടവരുത്തരുത്. വയോധികർ നേരിടുന്ന പ്രശ്നങ്ങളും പരിഹാര സാദ്ധ്യതയും തേടുന്ന പരമ്പര,
..............................
മലയാള സിനിമയെ 'സ്വപ്നാടന"ത്തിലാക്കുകയും 'യവനിക"യിൽ കുരുക്കുകയും ചെയ്ത പ്രതിഭാശാലിയായ സംവിധായകനായിരുന്നു, കെ.ജി. ജോർജ്. ഫ്രഞ്ച് നവതരംഗ ചിന്തകളും ഫ്രഞ്ച് താടിയുമായി സിനിമയിൽ വിപ്ലവം തീർത്ത അദ്ദേഹം, 1998-ൽ പുറത്തിറങ്ങിയ 'ഇലവങ്കോട് ദേശ"ത്തിനു ശേഷം ഏറക്കുറെ വിശ്രമത്തിലായിരുന്നു. അവസാന നാളുകളിൽ കൊച്ചി, കാക്കനാട്ടെ സ്വകാര്യ വയോജന കേന്ദ്രത്തിലായിരുന്നു താമസം. രണ്ടു വർഷം മുമ്പ് അദ്ദേഹം മരിച്ചപ്പോൾ വലിയ വിവാദങ്ങൾ ഉയർന്നു. എല്ലാരുമുണ്ടായിട്ടും ഈ ചലച്ചിത്രപ്രതിഭയ്ക്ക് ആരോരുമില്ലാതെ മരിക്കേണ്ടി വന്നല്ലോ എന്നായിരുന്നു ചർച്ചാവിഷയം.
ആ സമയത്ത് ജോർജിന്റെ ഭാര്യ സൽമ മകനൊപ്പം ഗോവയിലായിരുന്നു; മകൾ ഗൾഫിലും. എന്നാൽ താൻ ഗോവയിൽ സുഖവാസത്തിനു പോയതല്ലെന്ന് സൽമ പിന്നീട് വിശദീകരിച്ചു. ഭർത്താവിന് പക്ഷാഘാതമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ എടുത്തിരുത്താനോ കുളിപ്പിക്കാനോ തനിക്ക് തനിയെ സാധിക്കുമായിരുന്നില്ല. വയോജന മന്ദിരത്തിൽ ഡോക്ടറും നഴ്സും ഫിസിയോതെറാപ്പിസ്റ്റും ഉള്ളതിനാലാണ് അവിടെയാക്കിയത്. കാണാൻ വരുമ്പോഴെല്ലാം അദ്ദേഹത്തിന് ഇഷ്ടഭക്ഷണം കരുതുമായിരുന്നു. കെ.ജി. ജോർജ് നല്ല സിനിമകളെടുത്തുവെങ്കിലും പണമുണ്ടാക്കിയില്ലെന്നും, തങ്ങൾക്കും ജീവിക്കണ്ടേ എന്നുമാണ് സൽമ ചോദിച്ചത്. പുതിയ ലോകക്രമത്തിലെ 'ന്യൂ നോർമൽ' ആയി ഈ സംഭവത്തെ പലരും അന്ന് വ്യാഖ്യാനിച്ചു.
അണുകുടുംബങ്ങൾക്ക് തിരക്കോടു തിരക്കാണ്. ടാർഗറ്റുകളിൽ നിന്ന് ടാർഗറ്റുകളിലേക്കുള്ള നെട്ടോട്ടം. ഭർത്താവും ഭാര്യയും ജോലി ചെയ്തില്ലെങ്കിൽ ജീവിതം കൂട്ടിമുട്ടിക്കാനാകാത്ത സ്ഥിതി. പിറന്നനാട്ടിൽത്തന്നെ തുടരാൻ യോഗമുള്ളവർ ചുരുക്കം. അതിനാൽ പ്രായമായവർ മക്കൾക്ക് ശല്യമാകാതെ ഒതുങ്ങിക്കൂടും. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നിടത്തോളം കുഴപ്പമില്ല. അവശതയാകുമ്പോഴായിരിക്കും പ്രശ്നം ഉടലെടുക്കുക. കിടപ്പിലായാലും പൊന്നുപോലെ നോക്കുന്ന മക്കളുണ്ടെന്നത് വിസ്മരിക്കാനാകില്ല. എന്നാൽ സമയക്കുറവുള്ളവരോ നാടുവിട്ടു നിൽക്കുന്നവരോ ആയിരിക്കും ഏറെയും.
ഹോംനഴ്സിനെ നിറുത്തിയാലും തൃപ്തിയാകണമെന്നില്ല. അതുകൊണ്ടാണ് വയോജന കേന്ദ്രങ്ങളിലാക്കുന്നത്. അത് സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലുമുണ്ട്. പഞ്ചനക്ഷത്ര സൗകര്യങ്ങൾ നൽകുന്നവയുമുണ്ട്. പണം അടയ്ക്കേണ്ടി വന്നാലും സാരമില്ല; നല്ല പരിചരണവും ഇടപഴകാൻ സുഹൃത്തുക്കളുമുണ്ടാകും. മക്കൾക്കും സമാധാനമാണ്. കെ.ജി. ജോർജിനെയടക്കം അവിടെയാക്കിയതിൽ തെറ്റില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എങ്കിലും പാരമ്പര്യത്തിലും കടമയിലും വിശ്വസിക്കുന്നവർക്ക് എവിടെയോ ഒരു ശരികേട് തോന്നും. നെഞ്ചകത്ത് ഒരു മുള്ളുകൊള്ളുന്ന നൊമ്പരമുണ്ടാകും.
സർക്കാരും
സമൂഹവും
വയോജന ക്ഷേമത്തിന് കേന്ദ്രസർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ സവിശേഷ സാഹചര്യമാണ്. പുതുതലമുറ പ്രവാസ വഴിയിലാണ്. ആയുർദൈർഘ്യത്തിൽ നമ്മൾ മുന്നിലാണ്. ഇക്കാര്യത്തിലെ ശാരാശരിയിൽ ലോകത്ത് ഏറ്റവും മുൻനിരയിലുള്ള ജപ്പാന് തൊട്ടുപിന്നാലെയുണ്ട് കൊച്ചുകേരളം. ജനനനിയന്ത്രണം പാലിക്കുന്നവരാണ് ഇവിടെ ഏറെയും. 2040 ആകുമ്പോൾ കേരള ജനതയുടെ നാലിലൊന്നും വയോധികരാകുമെന്നാണ് സർവേ. അതുകൊണ്ടാണ് ഇവരുടെ സംരക്ഷണം ഇവിടെ വിപുലമായ പരിഗണനയർഹിക്കുന്ന വിഷയമാകുന്നത്.
അരക്ഷിതാവസ്ഥ, അവഗണന, മാനസിക പിരിമുറുക്കം. വയോധികർ നേരിടുന്ന പ്രശ്നങ്ങളെ പ്രധാനമായും ഇങ്ങനെ തരം തിരിക്കാം. വിശ്രമ ജീവിതത്തിലെങ്കിലും അവരെ ഇടപെടുത്താവുന്ന കാര്യങ്ങളുണ്ട്. പ്രയോജനപ്പെടുത്താവുന്ന അനുഭവ സമ്പത്തുണ്ട്. രൂപീകരിക്കാവുന്ന കൂട്ടായ്മകളുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കേരള സർക്കാർ ദീർഘവീക്ഷണത്തോടെ നീങ്ങുകയാണ്. സംസ്ഥാനത്ത് വയോജന നയം പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വയോജനങ്ങൾക്ക് അന്തസോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ വഴിയൊരുക്കുക എന്നതാണ് 'കേരള വയോജന നയം 2025" ലക്ഷ്യമിടുന്നത്. കരടുനയം പുറത്തിറങ്ങിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി വയോജന കമ്മിഷൻ രൂപീകരിച്ചതും കേരളം തന്നെ. സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള കമ്മിഷൻ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. എങ്കിലും വയോജനങ്ങളുടെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ഇനിയും മാറേണ്ടിയിരിക്കുന്നു.
നാളെ: നോക്കെത്താ ദൂരം കണ്ണുംനട്ട്
.....
വയോജന സംഖ്യ
(ശതമാനം)
ആഗോളം: 11
ജപ്പാൻ: 29
ചൈന: 21
ബ്രിട്ടൻ: 20
അമേരിക്ക: 17
ഇന്ത്യ: 12
കേരളം: 22
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |