
കോട്ടയം : ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തതിന് ട്രെയിനിൽ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി പിടിയിൽ. പത്തനംതിട്ട കൊടുമൺ മുരളീ ഭവനത്തിൽ അനിൽകുമാർ (56) ആണ് അറസ്റ്റിലായത്. കൊല്ലം റെയിൽവേ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ സനൽകുമാറിനാണ് പരിക്കേറ്റത്. ബുധനാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്‌സ്‌പ്രസിൽ രാത്രി പത്തോടെ ചങ്ങനാശേരി കഴിഞ്ഞപ്പോഴായിരുന്നു സംഭവം. സ്ലീപ്പർ കോച്ച് അഞ്ചിൽ ടിക്കറ്റില്ലാതെയായിരുന്നു അനിൽകുമാർ കയറിയത്. ടി.ടി.ആർ ഇത് ചോദ്യം ചെയ്യുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സനൽ കുമാറിനെ വിവരമറിക്കുകയുമായിരുന്നു. അടുത്ത സ്റ്റേഷനിൽ ഇറങ്ങണമെന്ന് അനിൽകുമാറിനോട് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് പ്രതി അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സനൽകുമാറിന്റെ നെഞ്ചിന്റെ ഇടത് ഭാഗത്തായി കുത്തിയത്. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ കോട്ടയം റെയിൽവേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. സനൽകുമാറിന്റെ പരിക്ക് ഗുരുതരമല്ല. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സതേടി. മദ്യ ലഹരിയിലായിരുന്ന പ്രതിയെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊടുമൺ പൊലീസ് സ്റ്റേഷനിൽ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |