
തിരുവനന്തപുരം: അഗ്നിരക്ഷാരംഗത്തെ ശാസ്ത്രീയ പഠനത്തിനും ആധുനിക പരിശീലനത്തിനും പുതിയ അദ്ധ്യായം തുറക്കാൻ സംസ്ഥാന അഗ്നിരക്ഷാ വകുപ്പ്. രാജ്യത്ത് എവിടെയും നിലവിലില്ലാത്ത അതിനൂതന അഗ്നിരക്ഷാ കോഴ്സുകളാണ് കണ്ണൂർ അഞ്ചരക്കണ്ടി ബംഗ്ലാവ് മൊട്ടയിൽ ആരംഭിക്കുന്ന ഫയർ ആൻഡ് സേഫ്റ്റിസയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെന്ററിലെ സിലബസിൽ ഉൾപ്പെടുത്തുക. റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനം നാലിന് രാവിലെ 11ന് മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിക്കും. മന്ത്റി കടന്നപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
രാജ്യത്ത് എവിടെയും അക്കാഡമിക് സിലബസിൽ ഉൾപ്പെട്ടിട്ടില്ലാത്ത എംഎസ് സി ഫയർ ആൻഡ് സേഫ്റ്റി സയൻസ് എന്ന കോഴ്സാണ് ഇവിടെ ആരംഭിക്കുക. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ അംഗീകാരത്തോടെ എംഎസ്സി ഫയർ ആൻഡ് സേഫ്റ്റി സയൻസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫയർ ടെക്‌നോളജി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫയർ സേഫ്റ്റി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നീ കോഴ്സുകളും ആരംഭിക്കും.
അഗ്നിസുരക്ഷാ ശാസ്ത്രമേഖലയിൽ തൊഴിലധിഷ്ഠിത പഠനത്തിനും ഗവേഷണത്തിനും വിദ്യാർത്ഥികൾക്ക് അവസരം നല്കുക, അഗ്നിസുരക്ഷാ ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവിധ സ്റ്റാർട്ടപ്പ് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, അഗ്നിസുരക്ഷാ ശാസ്ത്രമേഖലയിലെ ഭാവി വികസനങ്ങളെയും നൂതനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിലും വിദേശത്തും ഈ മേഖലയിലെ വിദ്യാർത്ഥികൾക്ക് മികച്ച ജോലി അവസരങ്ങൾ നല്കുക, ഭാവി സാങ്കേതിക വിദ്യകൾ നവീകരിക്കുക തുടങ്ങിയവയാണ് പഠന കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |