
തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ ശ്രീലേഖ. എംഎൽഎ വികെ പ്രശാന്തിന്റെ നെയിം ബോർഡിന് തൊട്ടുമുകളിലായാണ് കൗൺസിലർ തന്റെ പേരെഴുതിയ ബോർഡ് സ്ഥാപിച്ചത്. കൗൺസിലർ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്.
തന്റെ കൗൺസിലർ ഓഫീസിന് പ്രവർത്തിക്കാൻ ഇടമില്ലെന്ന് പറഞ്ഞ് കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. കാലാവധി അവസാനിക്കും മുൻപ് ഓഫീസ് ഒഴിയില്ലെന്ന നിലപാടിലാണ് വികെ പ്രശാന്ത്. ഇതു സംബന്ധിച്ചുള്ള വിവാദങ്ങൾ അവസാനിക്കുന്നതിന് മുൻപാണ് ശ്രീലേഖ പുതിയ നെയിം ബോർഡ് സ്ഥാപിച്ചത്.
തനിക്കെതിരെ ഒരു അഭിഭാഷകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് പറഞ്ഞ് ഒരു വീഡിയോ പ്രതികരണവും ശ്രീലേഖ പങ്കുവച്ചു. പരാതി നൽകിയത് ഒരു കമ്മ്യൂണിസ്റ്റ് വക്കീലാണെന്നും എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നതാണ് പരാതിയെന്നും ശ്രീലേഖ പ്രതികരിച്ചു. മുഖ്യമന്ത്രി ഈ പരാതി ഡിജിപിക്ക് കൈമാറിയെന്ന് അറിയാൻ സാധിച്ചെന്നും ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നാണ് ഇതിന് പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |