
2025 തന്നെ ഏറെ പരീക്ഷിച്ചുവെന്നും പുതിയ വർഷത്തിൽ സഹാനുഭൂതിയും നന്ദിയും തിരഞ്ഞെടുക്കുന്നുവെന്നും സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. വ്യത്യസ്തമായ സംഗീതത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്താമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ 2025 എന്നെ പരീക്ഷിച്ചു. എന്റെ ഏറ്റവും വലിയ ശക്തിയായി ഞാൻ കണ്ടിരുന്ന, എല്ലാവരെയും വിശ്വസിക്കുന്ന സ്വഭാവം തന്നെ ഏറ്റവും വലിയ വെല്ലുവിളിയായി മാറി. ഒരു നിമിഷത്തിൽ 'വ്യാജ ശബ്ദം' വളർന്നുവരികയും എന്റെ കുടുംബം, സുഹൃത്തുക്കൾ, എന്റെതന്നെ സത്യം എന്നിവയടങ്ങുന്ന ഏറ്റവും വിലപ്പെട്ട ശബ്ദങ്ങളെ വിഴുങ്ങുകയും ചെയ്തു.
300ൽ അധികം പാട്ടുകളിലൂടെ നിങ്ങളിലേയ്ക്ക് ഒരു പാലം പണിയാനാണ് കഴിഞ്ഞ 16 വർഷം ഞാൻ ചെലവഴിച്ചത്. നമ്മൾ ഒരുമിച്ച് ചിരിക്കുകയും നൃത്തം ചെയ്യുകയും മുറിവുണക്കുകയും ചെയ്തു. എന്നാൽ എല്ലാവരെയും പോലെ ഞാനും ഒരു മനുഷ്യനാണ്. എനിക്ക് ഹിറ്റുകളുണ്ടാവുകയും പരാജയങ്ങളുണ്ടാവുകയും ചെയ്യും. എന്റെ വിലയിരുത്തലുകൾ എപ്പോഴും ശരിയായിരിക്കുകയില്ലെങ്കിലും സംഗീതത്തോടുളള എന്റെ ഹൃദയം പവിത്രമാണ്. ഹൃദയമില്ലാത്തയിടങ്ങളിൽ നിന്ന് സാധൂകരണം തേടുന്നത് അവസാനിപ്പിക്കുന്നു. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ മതിയെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ എന്തുചെയ്യാനാണോ ജനിച്ചത്, വ്യത്യസ്തമായ സംഗീതം ചെയ്തുകൊണ്ട് ശക്തമായി തിരിച്ചുവരും. ആ ബഹളങ്ങളല്ല, മറിച്ച് എന്റെ പരിധികൾ ഞാൻതന്നെ നിശ്ചയിക്കും. 2026 സഹാനുഭൂതിയും നന്ദിയും നിറഞ്ഞതായിരിക്കട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |