
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ നടക്കാനിരിക്കുന്നത് കടുത്ത പോരാട്ടമെന്ന് വിലയിരുത്തൽ. സിറ്റിംഗ് എംഎൽഎയും മുൻമന്ത്രിയുമായ കെ ബാബു വീണ്ടും മത്സരിക്കാനില്ലെന്ന് തീരുമാനിച്ചാൽ നടൻ രമേഷ് പിഷാരടിയെയടക്കം പരിഗണിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മുൻ മേയർ എം അനിൽ കുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത. അതേസമയം, തൃപ്പൂണിത്തുറയിൽ ബിജെപിയാണ് നഗരസഭാ ഭരണം പിടിച്ചെടുത്തത്.
മുൻ തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജിൽ നിന്ന് 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബാബു മണ്ഡലം തിരിച്ചുപിടിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ വീണ്ടു മത്സരിക്കണോയെന്ന ആലോചനയിലാണ് ബാബു എന്നാണ് വിവരം. ബാബു തന്നെ വീണ്ടും മത്സരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം ആവശ്യപ്പെട്ടിരുന്നു.
രമേഷ് പിഷാരടിയുടെ പേര് 2021ലും ഉയർന്നുവന്നിരുന്നു. കോൺഗ്രസ് നേതാക്കളുമായി വ്യക്തിബന്ധം പുലർത്തുന്നയാളാണ് പിഷാരടി. എന്നാൽ ഇക്കാര്യത്തിൽ നടൻ സമ്മതം മൂളിയിട്ടില്ല. രാജു പി നായർ, എം ലിജു എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
അതേസമയം, എം സ്വരാജ് വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കില്ലെന്നാണ് വിവരം. എം അനിൽ കുമാറിന്റെ പേരാണ് കൂടുതലായി ഉയർന്നുകേൾക്കുന്നത്. നഗരസഭാ ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസത്തിൽ ബിജെപിയും മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ്. കെ വി എസ് ഹരിദാസ്, പി ആർ ശിവശങ്കരൻ എന്നിവരുടെ പേരുകളാണ് ബിജെപി പാളയത്തിൽ ഉയർന്നുകേൾക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |