
ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ തയ്യാറല്ലെന്ന് ബംഗ്ളാദേശ്
ലോകകപ്പ് വേദി തോന്നിയതുപോലെ മാറ്റാനാവില്ലെന്ന് ഇന്ത്യ
മുംബയ് : ബി.സി.സി.ഐ നിർദ്ദേശപ്രകാരം ഐ.പി.എൽ ക്ളബ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ബംഗ്ളാദേശി പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള നയതന്ത്രപ്രശ്നമായി മാറുന്നു. അടുത്തമാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ലങ്കയിലേക്ക് മാറ്റണമെന്നും ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെന്നും ബംഗ്ളാക്രിക്കറ്റ് ബോർഡ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. കളിക്കാരുടെ സുരക്ഷയെ മുൻനിറുത്തി ബംഗ്ളാദേശ് സർക്കാർ ആവശ്യപ്പെട്ടതിനാലാണ് ഇതെന്നും ബി.സി.ബി അറിയിച്ചു. എന്നാൽ മത്സരങ്ങൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞതിനാൽ ഇനി വേദിമാറ്റം അസാദ്ധ്യമാണെന്ന നിലപാടിലാണ് ബി.സി.സി.ഐ.
ഇത്തവണത്തെ ഐ.പി.എലിൽ ഇടംനേടിയ ഏക ബംഗ്ലാദേശി താരമാണ് ഇടംകൈയൻ പേസറായ മുസ്താഫിസുർ റഹ്മാൻ. ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്താഫിസുറിനെ കൊൽക്കത്ത സ്വന്തമാക്കിയത്.
എന്നാൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മുസ്താഫിസുറിനെ ഐ.പി.എല്ലിലെടുത്തതിൽ വ്യാപക പ്രതിഷേധമുണ്ടായി. കൊൽക്കത്ത ഉടമ ഷാറൂഖ് ഖാനെതിരെ വിമർശമുണ്ടായി. കൊൽക്കത്തയിൽ ഐ.പി.എൽ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് എട്ട് ഐ.പി.എൽ സീസൺ കളിച്ചിട്ടുള്ള മുസ്താഫിസുറിനെ ടീമിൽനിന്നു നീക്കാൻ ബി.സി.സി.ഐ നൈറ്റ്റൈഡേഴ്സിനോട് ആവശ്യപ്പെട്ടത്.
നൈറ്റ്റൈഡേഴ്സ് ഇതനുസരിച്ച് കഴിഞ്ഞ ദിവസം മുസ്താഫിസുറിനെ ടീമിൽ നിന്ന് റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് കായികമന്ത്രാലയത്തിന്റെ ചുമതലയുള്ള സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്‌റുൽ ഇന്ത്യയ്ക്കെതിരെ നീങ്ങാൻ ബി.സി.ബിക്ക് നിർദ്ദേശം നൽകിയത്. ബംഗ്ലാദേശിൽ ഇത്തവണ ഐ.പി.എല്ലിന്റെ സംപ്രേഷണം നടത്തരുതെന്ന് ബംഗ്ലാദേശ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോട് നിർദേശിച്ചതായും ആസിഫ് നസ്രുൾ പറഞ്ഞു.
എന്നാൽ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഒരു ടീമിന്റെ ഇഷ്ടത്തിനനുസരിച്ച് ഷെഡ്യൂൾ മാറ്റാൻ കഴിയില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. എതിർടീമുകളുടെ വിമാനടിക്കറ്റ്, താമസസൗകര്യം എന്നിവയെല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞെന്നും അതിൽ മാറ്റം വരുത്തുന്നത് ലോകകപ്പ് സംഘാടനത്തെത്തന്നെ ബാധിക്കുമെന്നും ബി.സി.സി.ഐ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കുകയും ചെയ്തു.
ഇന്ത്യയിൽ ബംഗ്ളാദേശിന്റെ
നാലുമത്സരങ്ങൾ
നിലവിലെ ഷെഡ്യൂൾ പ്രകാരം ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശിന്റെ നാലു മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലുമാണ്. വെസ്റ്റിൻഡീസ് (ഫെബ്രുവരി 7), ഇറ്റലി (ഫെബ്രുവരി 9), ഇംഗ്ലണ്ട് (ഫെബ്രുവരി 14) എന്നിവർക്കെതിരെയാണ് കൊൽക്കത്തയിലെ മത്സരങ്ങൾ. ഫെബ്രുവരി 17നു നേപ്പാളിനെതിരെയാണ് മുംബയ‌്‌യിലെ മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |