
ഫിഫ ഇടപെടൽ അഭ്യർത്ഥിച്ച് ഇന്ത്യൻ താരങ്ങളുടെ വീഡിയോ
ന്യൂഡൽഹി : ഐ.എസ്.എല്ലും ഐ ലീഗും നടക്കാത്തതിനാൽ വിഷമവൃത്തത്തിലായ ഫുട്ബാൾ താരങ്ങൾ ഇന്ത്യൻ ഫുട്ബാളിനെ രക്ഷിക്കാൻ അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ ഇടപെടൽ അഭ്യർത്ഥിച്ചുനടത്തിയ വീഡിയോ വൈറലായി. ബെംഗളുരു എഫ്.സി നായകൻ സുനിൽ ഛെത്രിയുടെ നേതൃത്വത്തിലുള്ള താരങ്ങളുടെ വീഡിയോയിൽ ഐ.എസ്.എല്ലിൽ കളിക്കുന്ന വിദേശ താരങ്ങളും ഭാഗമായിട്ടുണ്ട്. ഐ.എസ്.എൽ ക്ളബ് ഉടമകളിലൊരാളായി ബോളിവുഡ് താരം ജോൺ എബ്രഹാം അടക്കമുള്ളവർ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
'' ഈ ജനുവരിയിൽ ഐ.എസ്.എല്ലിൽ കളിക്കുന്ന ഞങ്ങളുടെ ദൃശ്യമായിരുന്നു നിങ്ങളുടെ സ്ക്രീനുകളിൽ വരേണ്ടിയിരുന്നത്.""- എന്നു പറയുന്ന ഇന്ത്യൻ ഗോളി ഗുർപ്രീത് സന്ധുവിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. '' പകരം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്കറിയാവുന്ന കാരണംപോലും ഉറക്കെപറയാനാവാതെ ഭയപ്പെട്ട് കഴിയുകയാണ് "". -എന്ന് സന്ദേശ് ജിംഗാൻ പൂരിപ്പിക്കുന്നു. തുടർന്ന് വിവിധ കളിക്കാർ തങ്ങളുടെ സങ്കടം തുറന്നുപറയുന്നു. ഫിഫ അധികൃതർ ഇത് കേൾക്കുന്നതുവരെ സന്ദേശം പടരട്ടെയെന്നും പറയുന്നു. കളിക്കാർക്കും, ക്ലബ് ജീവനക്കാർക്കും ,ക്ളബ് ഉടമകൾക്കും ഭാവിയെക്കുറിച്ച് വ്യക്തത ലഭിക്കാൻ അർഹതയുണ്ടെന്ന് പറഞ്ഞ് സുനിൽ ഛെത്രിയാണ് വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ10 വർഷമായി ഐ.എസ്.എൽ നടത്തിയിരുന്ന റിലയൻസിന്റെ ഫുട്ബാൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലുള്ള കരാർ ജൂലായ്‌യിൽ അവസാനിച്ചിരുന്നു. ഫെഡറേഷൻ ഭരണഘടന ഭേദഗതി ഉൾപ്പടെയുള്ള കാര്യങ്ങളിൽ സുപ്രീം കോടതിയിൽ കേസുള്ളതിനാൽ കരാർ പുതുക്കാനായില്ല. ഭരണഘടനാ ഭേദഗതി കോടതി അനുവദിച്ചശേഷവും പുതിയ കായികനിയമം അനുസരിച്ച് കരാർ പുതുക്കാൻ ഫെഡറേഷന് കഴിയാതെ വന്നതോടെയാണ് ഐ.എസ്.എല്ലും ഐ ലീഗും പെരുവഴിയിൽ തുടർന്നത്. കേരള ബ്ളാസ്റ്റേഴ്സിൽ നിന്നുൾപ്പടെ പല വിദേശ താരങ്ങളും മറ്റ് ലീഗുകളിലേക്ക് ചേക്കേറി. വരും നാളികളിൽ ഐ.എസ്.എല്ലിലേക്ക് വിദേശ താരങ്ങൾ വരുമോ എന്നതും സംശയമാണ്.
തീരുമാനം ഈയാഴ്ച ?
ഐ.എസ്.എൽ എന്ന് തുടങ്ങാൻ ആകുമെന്നതിൽ ഈയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ക്ളബുകളുമായി ചർച്ച നടത്താൻ ഫെഡറേഷൻ രൂപീകരിച്ച കോ ഓർഡിനേഷൻ കമ്മിറ്റി ഉടൻതന്നെ ലീഗ് ആരംഭിക്കണമെന്ന് ശുപാർശ നൽകിയിട്ടുണ്ട്. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാനും അംഗമായതാണ് കോ ഓർഡിനേഷൻ കമ്മറ്റി. ഒന്നുകിൽ എ.ഐ.എഫ്.എഫ് ലീഗ് നടത്തിപ്പ് നേരിട്ട് ഏറ്റെടുക്കുകയോ അല്ലെങ്കിൽ ക്ളബുകൾക്ക് നടത്തിപ്പ് വിട്ടുകൊടുക്കുകയോ വേണമെന്നാണ് കമ്മറ്റി ശുപാർശ. ക്ളബുകളുടെ ഒരു കോടി ഫ്രാഞ്ചൈസി ഫീസ് അടയ്ക്കാൻ ജൂൺ വരെ സമയം നീട്ടി നൽകണമെന്നും ശുപാർശയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |