
'ഈ കപ്പൽ ആടിയുലയില്ല സാർ. ഈ കപ്പലിന് ശക്തനായ ഒരു കപ്പിത്താനുണ്ട് സാർ...!" രണ്ടുവർഷം മുമ്പ് നിയമസഭയിൽ പ്രതിപക്ഷ ആക്രമണങ്ങളെ നേരിട്ട മന്ത്രി വീണാ ജോർജിന്റെ വാക്കുകളാണ് ഇത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ നിറയെ ഓട്ടകൾ വീണ് വെള്ളംകയറിയ കപ്പൽ അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടൈറ്റാനിയം കപ്പൽ പോലെ മുങ്ങിത്താഴുമെന്ന ആഹ്ളാദത്തിലാണ് പ്രതിപക്ഷം. ഭരണവിരുദ്ധ വികാരവും, ശബരിമലയിലെ സ്വർണക്കൊള്ളയുമാണ് ജനങ്ങളെ സർക്കാരിന് എതിരാക്കിയതെന്ന് പറയുന്നത് പ്രതിപക്ഷം മാത്രമല്ല. ഭരണ മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സി.പി.ഐയും കൂടിയാണ്.
ഈ പരമാർത്ഥം അംഗീകരിക്കാൻ സി.പി.എം തയ്യാറാകാത്തതിലാണ് അവർക്ക് അരിശം. പക്ഷേ, അരിശം
കരഞ്ഞു തീർക്കുകയേ തത്കാലം ഗതിയുള്ളൂ. 'മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലി അദ്ദേഹമോ പാർട്ടിയോ തിരുത്തണം. അത് സാധിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മാറ്റിനിറുത്തണം. അത് പറയാൻ സി.പി.എമ്മിനു ധൈര്യമില്ലെങ്കിൽ സി.പി.ഐ എങ്കിലും പറയണം." സി.പി.ഐ സംസ്ഥാന കൗൺസിലിൽ
ഇങ്ങനെ വെട്ടിത്തുറന്നു പറഞ്ഞു, പല അംങ്ങളും. രാജാവ് നഗ്നനാണെന്ന് അവർ ഒടുവിൽ വിളിച്ചുപറഞ്ഞത് ഗത്യന്തരമില്ലാതെയാണെന്നാണ് വ്യാഖ്യാനം. ഉള്ളിൽ ആഹ്ളാദം തുളുമ്പുമ്പോഴും, യു.ഡി.എഫ് നേതാക്കൾ അവരെ കളിയാക്കി ചോദിക്കുന്നു: പൂച്ചയ്ക്കാര് മണി കെട്ടും?
ഇടതു മുന്നണി യോഗത്തിൽപ്പോലും ഇത്ര കടുപ്പിച്ചു പറയാൻ സി.പി.ഐ നേതാക്കൾ ധൈര്യം കാട്ടുമോ? അതിനുള്ള ഉത്തരം സി.പി.ഐ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടിയിൽത്തന്നെ ഉണ്ട്. എല്ലാം ശരിയാണ്. പക്ഷേ, എങ്ങനെ നടപ്പിലാക്കും? മുഖ്യമന്ത്രിക്ക് എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ തിരുത്തേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണ്. സി.പി.ഐക്ക് എങ്ങനെ അത് പറയാൻ കഴിയും? അദ്ദേഹം കൈമലർത്തി. വെളിയം ഭാർഗവനെയും, സി.കെ. ചന്ദ്രപ്പനെയും പോലെ സി.പി.എമ്മിനെ വരച്ച വരയിൽ നിറുത്തിയ കിടിലൻ നേതാക്കളുണ്ടായിരുന്ന പാർട്ടിയാണെന്ന പാരമ്പര്യവും പഴംപുരാണവുമൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത് അന്തക്കാലം! അമ്മാവൻ ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് അനന്തരവന്റെ കാലിലും കാണുമോ?
'ഇരുമ്പാണി തട്ടി മുളയാണി വച്ച് ചുരിക വളയ്ക്കാൻ കൊല്ലന് ആയിരം പൊൻ പണം കൊടുത്തവൻ, മാറ്റച്ചുരിക ചോദിച്ചപ്പോൾ മറന്നുപോയെന്ന് കള്ളം പറഞ്ഞവൻ, അങ്കത്തളർച്ചയേറ്റു കിടന്ന വീരന്റെ വയറ്റിൽ കുത്തുവിളക്കിന്റെ
തണ്ടുകൊണ്ട് കുത്തിയവൻ..." ചതിയൻ ചന്തുവിന്റെ കൊടുംക്രൂരതകളെപ്പറ്റി ഇനിയുമേറെ കഥകൾ പാടി നടന്നിരുന്നു, പാണന്മാർ!
വെള്ളാപ്പള്ളി നടേശനും ബിനോയ് വിശ്വവും പരസ്പരം പഴിചാരുന്ന അഭിനവ 'ചതിയൻ ചന്തു" ഇതിൽ ഏതു ഗണത്തിൽപ്പെടും? പത്തുവർഷം ഒപ്പം നിന്ന് എല്ലാം നേടിയെടുത്ത ശേഷം സർക്കാരിനെ തള്ളിപ്പറയുന്ന സി.പി.ഐക്കാർ ചതിയൻ ചന്തുമാരാണെന്ന് വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയുമായുള്ള ബന്ധം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടിയായെന്ന സി.പി.ഐ നേതൃയോഗത്തിലെ വിമർശനമാണ് ഹേതു. ചതിയൻ ചന്തുവിന്റെ തൊപ്പി ആയിരം വട്ടം ഇണങ്ങുന്നത് വെള്ളാപ്പള്ളിയുടെ തലയ്ക്കാണെന്ന് ബിനോയ് വിശ്വത്തിന്റെ തിരിച്ചടി!
എന്നാൽ, ഇതിലാരെയും തള്ളിപ്പറയാൻ മുഖ്യമന്ത്രിയും സി.പി.എമ്മും തയാറല്ല. വെള്ളാപ്പള്ളിയുടെ മതേതര നിലപാടിനെ പാർട്ടി അംഗീകരിക്കുമെന്നും, അദ്ദേഹത്തിന്റെ തെറ്റായ നിലപാടുകളുടെ ഭാരം ചുമക്കാനില്ലെന്നും എം.വി. ഗോവിന്ദൻ മാഷ്. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റിയതിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി. കാണുമ്പോൾ ചിരിക്കുകയും, കൈകൊടുക്കുകയും ചെയ്യുമെന്നല്ലാതെ വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്ന് ബിനോയ്. 'മുന്നിൽ വന്ന് കൈ നീട്ടാനും, ചോദിച്ച പണത്തിലും മൂന്നിരട്ടി നൽകിയപ്പോൾ വാങ്ങാനും മടിയുണ്ടായില്ലല്ലോ" എന്ന വെള്ളാപ്പള്ളിയുടെ ചോദ്യത്തിൽ വെട്ടിലായി ബിനോയ്. താൻ പിന്നാക്കക്കാരനായതിനാലല്ലേ മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് ചിലർ വിവാദമാക്കുന്നതെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനുമില്ല, ഉത്തരം!
സ്വർണപ്പാളി കടത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ആദ്യം കയറ്റിയതാര്? സ്വർണക്കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്ത് 2018 മുതലാണെന്നാണ് കണ്ടെത്തൽ. എന്നാൽ, അതിനു മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു തന്നെ സ്പോൺസറെന്ന നിലയിൽ പോറ്റി ശബരിമലയിൽ കയറിപ്പറ്റിയിരുന്നു. മാത്രമല്ല,
കോൺഗ്രസ് എം.പിമാരായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കൊപ്പം അക്കാലത്ത് പോറ്റി ഡൽഹിയിൽ സോണിയാ ഗാന്ധിയെ സന്ദർശിച്ച് ഉപഹാരം നൽകിയതിന്റെ ചിത്രവും പുറത്തുവന്നു. അപ്പോൾ, കോൺഗ്രസുകാരല്ലേ പോറ്റിയെ ആദ്യം കയറ്റിയത്?
'പോറ്റിയെ കേറ്റിയതാരപ്പാ, സഖാക്കളാണേ അയ്യപ്പാ" എന്ന പാരഡിക്ക്, 'പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസാണേ അയ്യപ്പാ" എന്ന ബദൽ പാരഡി വന്നു. അതോടെ, കോൺഗ്രസുകാർ പാരഡിപ്പാട്ട് നിറുത്തിയെന്നാണ് കേൾവി. പക്ഷേ, വെട്ടിലായത് പ്രത്യേക പൊലീസ് അന്വേഷണ സംഘമാണ്. പോറ്റിയുമായി സോണിയാ ഗാന്ധിയെ കണ്ട അടൂർ പ്രകാശിനെയും, ആവശ്യമെങ്കിൽ സോണിയയെയും ചോദ്യം ചെയ്യണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം. മുഖ്ര്യമന്ത്രി പിണറായി വിജയൻ, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, സിനിമാ താരങ്ങൾ തുടങ്ങിയവരും പോറ്റിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നല്ലോ. അപ്പോൾ, അവരെയും ചോദ്യം ചെയ്യണമെന്ന ആവശ്യം ഉയരില്ലേ?സംഗതി ഗുലുമാലായി!
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ പകുതിപ്പേരും യുവാക്കളും വനിതകളുമായിരിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന മുൻകൂട്ടിയുള്ള വെടി പൊട്ടിക്കലാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം. പത്തുവർഷം പ്രതിപക്ഷത്തിരുന്ന പാർട്ടിക്ക് ഇനി എങ്ങനെയും ഭരണം പിടിക്കാനുള്ള ജീവന്മരണ പോരാട്ടമാണിത്. രണ്ടു ടേം എന്ന കടുംപിടിത്തം ഒഴിവാക്കി, ജയസാദ്ധ്യതയുള്ള സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാൻ സി.പി.എം പോലും ആലോചന തുടങ്ങിയെന്നാണ് വാർത്തകൾ.
എട്ടും പത്തും തവണ വരെ എം.പിമാരും, എം.എൽ.എമാരും ആയവരുള്ള കോൺഗ്രസിന് ടേം നിബന്ധന ആലോചിക്കാൻ പോലുമാവില്ല. പല്ലു കൊഴിയാറായ സിംഹങ്ങളിൽ ജയസാദ്ധ്യതയുള്ളവരെ വീണ്ടും കളത്തിലിറക്കി നഷ്ടപ്പെട്ട സീറ്റുകൾ പിടിച്ചെടുക്കണമെന്ന ചിന്ത പാർട്ടിയിൽ ചിലർ ഉയർത്തുന്നുണ്ട്. അവരെങ്ങാനും വിജയിച്ചു വന്നാൽ സീനിയോറിറ്റിയിലും പ്രവർത്തന പാരമ്പര്യത്തിലും മുന്നിലാവും. യു.ഡി.എഫിന് ഭരണം കിട്ടുന്ന പക്ഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരുടെ പേരുകളും ഉയരാം. ഈ അപകടം മുന്നിൽക്കണ്ടാണ് സതീശന്റെ വെടി പൊട്ടിക്കലെന്നാണ്
എതിർ കേന്ദ്രങ്ങളിലെ സംസാരം. മത്സരിച്ചേക്കുമെന്ന് കരുതുന്ന ചില മുതിർന്ന സിംഹങ്ങൾക്കെതിരെ കണ്ണൂരിലും മറ്റും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
നുറുങ്ങ്:
■ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി പ്രവർത്തിക്കാൻ തന്റെ ഓഫീസിൽ സൗകര്യം കുറവായതിനാൽ അതിനോട് ചേർന്നുള്ള ഓഫീസ് ഒഴിഞ്ഞു കൊടുക്കണമെന്ന് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിനോട് മുൻ ഡി.ജി.പി ആർ.ശ്രീലേഖ.
● മാഡം മേയറെങ്ങാനും ആയിരുന്നെങ്കിൽ ക്ളിഫ് ഹൗസ് ഒഴിഞ്ഞുകൊടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടേനെ എന്ന് സോഷ്യൽ മീഡീയയിൽ ഒരു രസികന്റെ കമന്റ്!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |