
The secret of a good old age is simply an honourable pact with solitude.
(Gabriel García Márquez, One Hundred Years of Solitude)
ഏകാന്തതയുമായി ഉടമ്പടി ചെയ്യുന്നതിനെക്കുറിച്ചാണ് കഥാകാരൻ പറയുന്നത്. എന്നാൽ വാർദ്ധക്യത്തിൽ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നവർ എത്രയുണ്ടാകും? കൂട്ടുകൂടാനും മിണ്ടാനും പറയാനുമാകില്ലേ അവർക്കിഷ്ടം? ഉത്തരം കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്ത് പറയും. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും ഉല്ലാസത്തിനുമായി ഇവിടെ രൂപീകരിച്ച 'നിറവ് @ 60 പ്ലസ്" എന്ന സംരംഭം വിജയകരമായ മൂന്നുവർഷം പൂർത്തിയാക്കി. ഏറ്റവും വയോജനസൗഹൃദ പഞ്ചായത്തെന്ന ബഹുമതിയും എലിക്കുളം നേടി. വയോജനക്ഷേമം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന 'ടൈംബാങ്ക്" പദ്ധതിക്ക് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നതും ഈ പഞ്ചായത്തിനെത്തന്നെ.
എലിക്കുളത്ത് ഏഴായിരത്തിലധികം വയോജനങ്ങളാണ് ഉള്ളത്. ഇവരിൽ പലരും 'നിറവ്" കൂട്ടായ്മയുടെ തലപ്പത്തുണ്ട്. ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ 'നിറവ്" ഇതിനകം നടത്തിയിട്ടുണ്ട്. വയോധികർക്കായി മെഡിക്കൽക്യാമ്പ്, വ്യായാമ പരിശീലനം, കലാ- കായിക മേള, നാടകക്കളരി, വിനോദയാത്ര, സംഘക്കൃഷി, സാഹിത്യ ശില്പശാല, കൈയെഴുത്ത് മാസിക... ഇങ്ങനെ പോകുന്നു മുതിർന്നവരെ സചേതനമാക്കാനുള്ള പ്രവർത്തനങ്ങൾ. പഞ്ചായത്തിലെ പല വാർഡുകളിലും 'പകൽവീടു"കളുണ്ട്. കൂടാതെ ഹാപ്പിനെസ് പാർക്കും, ജിമ്മും, വയോജന ഹെൽപ്‌ലൈനും സജ്ജമാക്കിയാണ് മാതൃകയാകുന്നത്.
പദ്ധതിക്ക് തനതുഫണ്ടിന് പുറമേ സ്വകാര്യ പങ്കാളിത്തത്തോടെ സി.എസ്.ആർ ഫണ്ട് ഉൾപ്പെടെ പ്രയോജനപ്പെടുത്തുന്നു. ഇത്തരത്തിലെല്ലാം സമൂഹവുമായി ഇടപഴകാൻ കഴിയുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അവർക്ക് കൈത്താങ്ങുമാകും. മുതിർന്ന പൗരന്മാരുടെ സന്തോഷ സൂചികയിൽ ഇന്ത്യ ഏറെ പിന്നിലാണെന്ന വസ്തുത നിലനിൽക്കേ, കേരളത്തിന്റെ ശ്രമങ്ങൾ രാജ്യത്തിനും മാതൃകയാകും.
ടൈം ബാങ്ക്
വയോധികരുടെ വിരസത അകറ്റാനും അവർക്ക് സഹായമെത്തിക്കാനുമായി അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വിജയകരമാക്കിയ ആശയമാണ് തദ്ദേശവകുപ്പ് ഏറ്റെടുക്കുന്നത്. പൈലറ്റ് പദ്ധതി എലിക്കുളത്താണ്. ഇതിനുള്ള സർവേ പുരോഗമിക്കുകയാണ്. വയോധികരുമായി ഇടപെടാൻ വോളന്റിയർമാരെ നിയോഗിക്കുകയാണ് ടൈംബാങ്ക് പദ്ധതിയുടെ ആദ്യപടി. സംസാരിച്ചിരിക്കുക, പലവ്യഞ്ജനങ്ങളും പച്ചക്കറികളും മരുന്നും എത്തിക്കുക, വാഹനത്തിലിരുത്തി പുറത്തു കൊണ്ടുപോവുക, ഷോപ്പിംഗിന് കൂട്ടുപോവുക, പാചകത്തിനും വസ്ത്രം കഴുകാനും ശുചീകരണത്തിനും സഹായിക്കുക തുടങ്ങിയ ദൗത്യങ്ങളാണ് വോളന്റിയർമാർ ചെയ്യേണ്ടത്.
ഓരോന്നിലും അഭിരുചിയുള്ളവരുടെ ഡാറ്റാബേസ് തയ്യാറാക്കും. ഇവർക്കുള്ള പ്രതിഫലം സർക്കാർ നൽകും; ചെലവിടുന്ന സമയത്തിന്റെ മൂല്യമനുസരിച്ച്. കെ ഡിസ്കിന്റേയും timebankofkerala.org പോർട്ടലിന്റെയും സഹായത്തോടെയാണ് രജിസ്ട്രേഷൻ. സഹായം വേണ്ടവർക്കും വോളന്റിയർ ആകാൻ ആഗ്രഹിക്കുന്നവർക്കും പേരുവിവരങ്ങൾ നൽകാം. വോളന്റിയർമാരെ തിരഞ്ഞെടുക്കുംമുമ്പ് ചോദ്യാവലിയും പൊലീസ് വെരിഫിക്കേഷനുമടക്കം ഉണ്ടാകും. വയോധികർക്കൊപ്പം ചെലവിടുന്ന സമയം ആത്മാർത്ഥമാകണം, അർത്ഥവത്താകണം.
സേവനം തേടുന്നയാളുടെ സംതൃപ്തികൂടി കണക്കിലെടുത്ത് ചെലവിട്ടസമയം അതത് വോളന്റിയർമാരുടെ അക്കൗണ്ടിൽ രേഖപ്പെടുത്തും. അതിനനുസരിച്ചാകും പ്രതിഫലം. സേവനം വേണ്ടവരെ കണ്ടെത്താൻ വാർഡ് മെമ്പർമാരേയും ആശാ വർക്കർമാരേയും നിയോഗിക്കും. വോളന്റിയർക്ക് വാർദ്ധക്യമാകുമ്പോൾ ഇത്രയും സമയത്തെ സേവനം തിരികെ നൽകുന്ന വിധത്തിലാണ് വിദേശരാജ്യങ്ങളിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൽ അതിനുപകരം ഇൻസെന്റീവുകൾ നൽകാനാണ് തീരുമാനം. അത് എങ്ങനെ വേണമെന്ന് തദ്ദേശസ്ഥാപനങ്ങൾ തീരുമാനിക്കും.
എലിക്കുളത്ത് വോളന്റിയർമാർക്ക് ഗിഫ്റ്റ് വൗച്ചറുകൾ നൽകാനാണ് ധാരണ. രജിസ്ട്രേഷനും സേവനങ്ങളും ലളിതമാക്കുന്നതിന് മൊബൈൽ ആപ്പും സർക്കാർ തലത്തിൽ ഉടൻ അവതരിപ്പിക്കും. വയോധികർക്ക് എളുപ്പം വായിക്കാനും ഉപയോഗിക്കാനും കഴിയുന്ന വിധമാണ് ഇത് തയ്യാറാക്കുന്നത്. ഓൺലൈൻ തീരെ വഴങ്ങാത്തവർക്കായി ഹെൽപ്‌ലൈൻ നമ്പറുകളും നൽകും.
ടൈം ക്രെഡിറ്റ്
'ടൈംബാങ്കി"ന്റെ കുടക്കീഴിലുള്ള വയോധികർക്കൊപ്പം വോളന്റിയർ ചെലവിടുന്ന സമയത്തിന് 'ടൈം ക്രെഡിറ്റ്" എന്നാണ് പറയുക. ഇത് കണക്കാക്കി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തും. സ്വയം സന്നദ്ധരാകുന്ന 50 വയസിൽ താഴെയുള്ളവരെയാണ് വോളന്റിയർമാരായി പരിഗണിക്കുക. വെരിഫിക്കേഷൻ കഴിഞ്ഞാൽ ബന്ധപ്പെട്ട പ്ലാറ്റ്ഫോമിന്റെ അഡ്മിൻ അപ്രൂവൽ നൽകും. രജിസ്റ്രർ ചെയ്ത വയോധികർക്ക് സമയാസമയം ആവശ്യമായ സേവനം ബുക്കുചെയ്യാം. ഇതിന്റെ നോട്ടിഫിക്കേഷൻ വോളന്റിയറുടെ ഫോണിൽ ലഭിക്കും. അത് സ്വീകരിക്കുന്നതോടെ വയോധികർക്ക് ഒ.ടി.പി ലഭിക്കുകയും സേവനസമയം എണ്ണിത്തുടങ്ങുകയും ചെയ്യും.
നാളെ: അനുഭവങ്ങളുടെ സമ്പത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |