
കണ്ണൂർ: അഴിമതിക്കെതിരെയുള്ള നിലപാട് സംസ്ഥാനത്തിന്റെ സുതാര്യതയ്ക്കും വികസനത്തിനായി വകയിരുത്തിയ പണം ആ മേഖലയിൽ ചെലവഴിക്കുന്നതിനും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന രജിസ്‌ട്രേഷൻ വകുപ്പിന്റെ പ്രഥമ രജിസ്‌ട്രേഷൻ ദിനാചരണം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ സംസ്ഥാനത്ത് അഴിമതി വലിയ തോതിൽ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. നിയമനങ്ങൾക്കായി കൈക്കൂലി നൽകേണ്ടി വന്നിരുന്ന പഴയകാല സമ്പ്രദായം കേരളത്തിൽ നിന്ന് ഇല്ലാതാക്കി. 'പദ്ധതിക്കായി വകയിരുത്തിയ പണം പൂർണമായും അതിന് ചെലവഴിച്ചു. ഇത് കേരളത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ്,' -മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കരാറുകാർ പോലും കേരളത്തിലെ സുതാര്യമായ സമ്പ്രദായത്തെക്കുറിച്ച് ആശ്ചര്യപ്രകടനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.എന്നാൽ,അഴിമതി തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ശക്തികൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
2024-25 സാമ്പത്തിക വർഷത്തിലെ മികച്ച പ്രകടനത്തിന് 'രജിസ്‌ട്രേഷൻ അവാർഡ് 2025' മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച മേഖലാ ഓഫീസായി ദക്ഷിണ-മദ്ധ്യ മേഖല രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫീസ് (എറണാകുളം),മികച്ച ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസായി തിരുവനന്തപുരം,മികച്ച ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ഓഫീസായി മലപ്പുറം എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.
പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി. ഡോ. വി. ശിവദാസൻ എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ,രജിസ്‌ട്രേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ കെ. മീര,നികുതി വകുപ്പ് അഡിഷണൽ സെക്രട്ടറി എം.വി. പ്രമോദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |